ചെന്നൈ: തമിഴ്‌നാട്ടിലെ പുതുകോട്ടയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ചികിത്സയിലിരുന്ന പത്ത് വയസുകാരി മരണത്തിന് കീഴടങ്ങി. ഗൂഡല്ലൂർ സ്വദേശികളായ കുട്ടിയെയും കുടുംബത്തെയും നാട്ടുകാർ തടഞ്ഞുവെച്ച് മർദ്ദിച്ചുവെന്നാണ് ആരോപണം.
മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് നാട്ടുകാർ സംഘം ചേർന്ന് കറുപ്പകാംബിക എന്ന പത്ത് വയസുകാരിയെയും കുടുംബത്തിനെയും ആക്രമിച്ചത്. പുതുക്കോട്ടയിലെ കിള്ളനൂർ ഗ്രാമത്തിലാണ് സംഭവം. ഗൂഡല്ലൂരിൽ നിന്നുളള ആറംഗ കുടുംബത്തിനൊപ്പമായിരുന്നു കുട്ടി ഉണ്ടായിരുന്നത്.
പ്രദേശത്തെ ക്ഷേത്രത്തിൽ നിന്നുൾപ്പെടെ ഇവർ മോഷണം നടത്തിയതായി നാട്ടുകാർ ആരോപിച്ചു. ഓട്ടോയിൽ കയറി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ തടയുകയായിരുന്നു. മോഷണമുതലെന്ന് കരുതുന്ന പിച്ചള തകിടുകൾ ഉൾപ്പെടെ ഇവരിൽ നിന്ന് കണ്ടെത്തിയതായും നാട്ടുകാർ പറയുന്നു. തുടർന്നാണ് ആൾക്കൂട്ടം ഇവരെ കായികമായി ഉപദ്രവിക്കാൻ തുടങ്ങിയത്.
മർദ്ദനത്തിനിരയായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുട്ടി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മോഷണം പതിവാക്കിയ സംഘം ഗ്രാമത്തിൽ കറങ്ങുന്നതായുള്ള സന്ദേശം പ്രദേശത്തെ ചിലരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിച്ചിരുന്നു. ഇതിനിടെയിലാണ് അപരിചിതരായ സംഘം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
















Comments