ഫ്ലിപ്കാർട്ടും ആമസോണും സ്ക്രോൾ ചെയ്തും അതിൽ നിന്ന് അമിതമായി സാധനങ്ങൾ വാങ്ങിയും ഉറങ്ങുന്നത് ശീലമാണോ ? എങ്കിൽ സൂക്ഷിച്ചോളൂ , നിങ്ങൾ ഒരു ഗുരുതരമായ രോഗത്തിന്റെ പിടിയിലാണ്.
ഓൺലൈൻ ഷോപ്പിംഗ് ചെയ്യാത്തവരായി ഇപ്പോള് ആരും തന്നെ ഉണ്ടാവില്ല. സ്മാർട്ട് ഫോണുണ്ടോ ഓൺലൈൻ ഷോപ്പിംഗ് നിർബന്ധമാണ്. നമ്മളിൽ പലരുടെയും മൊബൈൽ ഫോൺ എടുത്ത് നോക്കിയാൽ ഫ്ലിപ്കാർട്ട് , ആമസോൺ, മീഷോ,നൈക്ക, മിന്ത്ര തുടങ്ങി നിരവധി ഓൺലൈൻ ഷോപ്പിംഗ് ആപ്ലിക്കേഷനുകൾ കാണാൻ സാധിക്കും. നമ്മൾ ഒറ്റക്കിരിക്കുമ്പോൾ സമയം ചിലവഴിക്കുന്ന ഒരു മാർഗമായിട്ടാണ് ഓൺലൈൻ ഷോപ്പിംഗിനെ കാണുന്നത്. എന്നാൽ ഇതൊരു രോഗാവസ്ഥയാണ് എന്ന് പറഞ്ഞാൽ ചിലപ്പോൾ വിശ്വാസം വരില്ല. പക്ഷേ സത്യത്തിൽ ഇത് ഒനിയോമാനിയ അല്ലെങ്കിൽ കംപൽസീവ് ബൈയിങ് എന്നറിയപ്പെടുന്ന രോഗാവസ്ഥയാണ്.
ഈ രോഗത്തിന് അടിമയായിട്ടുള്ളവർ പലപ്പോഴും മാനസികമായ നിരവധി പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവരായിക്കും. ഇവരിൽ ദേഷ്യവും മാനസിക സമ്മർദവും കൂടുതലായിരിക്കും. ഈ ഒരു അവസ്ഥയെ തരണം ചെയ്യാനായി ഇവർ ഉപയോഗിക്കുന്ന ഒരു മാർഗമാണ് ഓൺലൈൻ ഷോപ്പിംഗ്. എന്നാൽ നിരന്തരമായ ഓൺലൈൻ ഷോപ്പിംഗ് വഴി ഇവർ അതിനു അടിമപ്പെടുകയും തുടർന്ന് കടക്കെണിയിലാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുളളവർ അവരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചോ ബാങ്ക് ബാലൻസിനെക്കുറിച്ചോ ചിന്തിക്കാറില്ല.
എന്നാൽ തനിക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങാൻ പൈസ തികയാത്ത അവസ്ഥകളിൽ അവർ കൂടുതൽ മാനസിക പ്രശ്നങ്ങളിൽ എത്തിപ്പെടുകയും ചെയ്യും. ഏതൊരു വസ്തുവിൽ ആകൃഷ്ടരായാലും അതിന്റെ വിലയോ ഗുണമോ നോക്കാതെ സ്വന്തമാക്കണം എന്ന ഒരു വിചാരം മാത്രമേ ഇവർക്ക് ഉണ്ടാവുകയുള്ളു. ഇഷ്ടപ്പെട്ട വസ്തു സ്വന്തമാക്കി കഴിഞ്ഞാൽ ഇവരിൽ കുറ്റബോധവും ഉണ്ടാകാറുണ്ട്. എന്നാൽ കുറച്ച് നേരം കഴിയുമ്പോൾ വീണ്ടും അവർ പൂർവ്വസ്ഥിതിയില്ലേക്ക് തന്നെ പോവുകയും അടുത്ത വസ്തുവിനായുള്ള തിരച്ചിൽ ആരംഭിക്കുകയും ചെയുന്നു.
ഈ ഒരു രോഗാവസ്ഥ കുട്ടികളിലും കണ്ടു വരാറുണ്ട്. ഒറ്റപ്പെടലിൽ അകപ്പെട്ടു പോകുന്നവരാണ് ഈ അവസ്ഥയിൽ എത്തിച്ചേരുന്നത്. ഇത്തരക്കാർക്ക് ആത്മനിയന്ത്രണം നഷ്ടപെട്ടുപോവുകയും ഇവരിലുണ്ടാവുന്ന മാനസിക സമ്മർദ്ദത്തെ ചെറുത്ത് നിർത്താനായി ഓൺലൈൻ ഷോപ്പിംഗിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.
Comments