തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട റാങ്ക് പട്ടിക പുന:ക്രമീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ കൂടുതലായൊന്നും പ്രതികരിക്കാതെ പ്രിയ വർഗ്ഗീസ്. കോടതി വിധിയെ മാനിക്കുന്നുവെന്ന് മാത്രമാണ് പ്രിയ വർഗ്ഗീസ് പറഞ്ഞത്. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രിയ വർഗ്ഗീസ് പ്രതികരിക്കാൻ തയ്യാറായില്ല.
ഹൈക്കോടതി വിധിയ്‌ക്ക് പിന്നാലെ മാദ്ധ്യമ പ്രവർത്തകർ പ്രിയ വർഗ്ഗീസിന്റെ പ്രതികരണം ആരാഞ്ഞിരുന്നു. ഇതിനോട് റാങ്ക് പട്ടിക പുന:ക്രമീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് മാനിക്കുന്നു. നിയമവിദഗ്ധരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കും എന്ന് മാത്രമാണ് പ്രിയ വർഗ്ഗീസ് പറഞ്ഞത്. കോടതിയുടെ പരാമർശങ്ങളോട് പ്രതികരണം ആരാഞ്ഞപ്പോൾ പ്രിയ വർഗ്ഗീസ് മുഖം തിരിച്ച് നടക്കുകയായിരുന്നു.
അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗ്ഗീസിന് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി റാങ്ക് പട്ടിക പുന:പരിശോധിക്കാൻ ആവശ്യപ്പെട്ടത്. എട്ട് വർഷം അദ്ധ്യാപന പരിചയം വേണ്ട തസ്തികയിൽ മൂന്ന് വർഷം മാത്രമുള്ള പ്രിയ വർഗ്ഗീസിന് നിയമനം നൽകാൻ കഴിയില്ലെന്നായിരുന്നു കോടതി പറഞ്ഞത്. ഇതിന് പുറമേ പ്രിയ വർഗ്ഗീസിനെ കോടതി കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു.
കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനായുള്ള റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനക്കാരനായ ജോസഫ് സ്‌കറിയ ആയിരുന്നു പ്രിയ വർഗ്ഗീസിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. യുജിസി മാനദണ്ഡ പ്രകാരം എട്ട് വർഷമാണ് അദ്ധ്യാപന പരിചയം. ഈ യോഗ്യതയുള്ള ജോസഫ് സ്‌കറിയയെ തഴഞ്ഞാണ് മൂന്ന് വർഷം മാത്രം അദ്ധ്യാപന പരിചയമുള്ള പ്രിയ വർഗ്ഗീസിന് ഒന്നാം റാങ്ക് നൽകിയത്.
Comments