അദ്ധ്യാപനം ചില്ലറ കാര്യമല്ല! അദ്ധ്യാപകർ ചില്ലറക്കാരുമല്ല; നല്ല അദ്ധ്യാപകരാകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

Published by
Janam Web Desk

”രാഷ്‌ട്ര നിർമ്മാതാക്കളാണ് ഓരോ അദ്ധ്യാപകരും.. അതുകൊണ്ട് തന്നെ സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അദ്ധ്യാപകർ.. മെഴുകുതിരി പോലെ പ്രകാശിക്കുന്നവരാകണം..” ബഹുമാനപ്പെട്ട ഹൈക്കോടതി നടത്തിയ പരാമർശങ്ങളാണിത്.

മറ്റേതൊരു ജോലിയേക്കാളും ആദരവ് ലഭിക്കുന്ന തൊഴിലാണ് അദ്ധ്യാപക വൃത്തി. കാരണം ഓരോ ക്ലാസ് മുറിയിലുമെത്തുന്ന അദ്ധ്യാപകരാണ് നാളത്തെ തലമുറയെ വാർത്തെടുക്കുന്നത്. അതുകൊണ്ട് തന്നെയാണ് അദ്ധ്യാപനത്തിനെത്തുന്ന ഓരോ വ്യക്തിയും രാഷ്‌ട്ര നിർമ്മാതാക്കളാണെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചത്.

പാഠപുസ്തകത്തിൽ പറയുന്ന കാര്യങ്ങൾക്കപ്പുറം ഒരു വിദ്യാർത്ഥിയെ വിദ്യാസമ്പന്നരാക്കുന്നതിന് മുഖ്യ പങ്കുവഹിക്കുന്നവരാണ് അദ്ധ്യാപകർ. നമ്മുടെ ഓരോ പ്രവൃത്തിയും എപ്രകാരമാണ് ഒരു നാടിനെ സ്വാധീനിക്കുകയെന്നത് പറഞ്ഞുതരാനും നന്മയുടെയും വിജയത്തിന്റെയും പാതയിൽ സഞ്ചരിക്കാൻ ഒരു വിദ്യാർത്ഥിയെ പ്രാപ്തമാക്കുന്നതിനും അദ്ധ്യാപകർക്ക് കഴിയണം. പാഠപുസ്തകത്തിലെ വസ്തുതകൾക്കപ്പുറം ഒരു വിദ്യാർത്ഥി സ്വായത്തമാക്കേണ്ട വിവേകവും ജ്ഞാനവും പകർന്നുതരേണ്ടവരാണ് അദ്ധ്യാപകർ. സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങളെയും അനീതികളെയും കുറിച്ച് പറഞ്ഞുനൽകാനും അത്തരം തെറ്റായ പ്രവണതകളിലേക്ക് അടുക്കാതിരിക്കാൻ ഒരു വിദ്യാർത്ഥിയെ പാകപ്പെടുത്താനും അദ്ധ്യാപകർക്ക് സാധിക്കണം.

അദ്ധ്യാപന ജോലി ചെയ്യുന്നയാൾ ഏതെല്ലാം രീതിയിൽ ചിന്തിക്കുന്നവരാണ് എന്നതും അയാളുടെ സ്വഭാവ സവിശേഷതയും തൊഴിൽ വേളയിലും പ്രതിഫലിക്കുന്നതാണ്. അറിവ് നേടാനായി മുമ്പിലെത്തിയിരിക്കുന്ന ഓരോ വിദ്യാർത്ഥിയെയും ഇത് സ്വാധീനിക്കുകയും ചെയ്യും. അതുകൊണ്ടാണ് സമൂഹത്തിലെ ഏറ്റവും നല്ലവരാകണം അദ്ധ്യാപകരെന്ന് പറയുന്നത്.

ശാരീരികവും മാനസികവും സാമ്പത്തികവും സാമൂഹികവുമായ തലങ്ങളിൽ നിന്ന് നോക്കുമ്പോൾ ഓരോ വിദ്യാർത്ഥിയും ഏറെ വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ ഇത്തരത്തിൽ വ്യത്യസ്തരായ വിദ്യാർത്ഥികളെ വെവ്വേറെ പരിഗണിക്കാതെ നിഷ്പക്ഷമായി അവരോട് പെരുമാറാൻ കഴിയുന്നവരാകണം അദ്ധ്യാപകർ. ഓരോ വിദ്യാർത്ഥിയുടെയും സവിശേഷതകൾ തിരിച്ചറിഞ്ഞ് അവർക്കാവശ്യമായ പ്രോത്സാഹനങ്ങൾ നൽകാൻ അദ്ധ്യാപകർ ബാധ്യസ്ഥരുമാണ്. ഓരോ വിദ്യാർത്ഥിയുടെയും സ്വഭാവരൂപീകരണത്തിന്റെ ഉത്തരവാദിത്വവും തന്നിൽ നിക്ഷിപ്തമാണെന്ന് അദ്ധ്യാപനത്തിനിറങ്ങുന്ന ഓരോ വ്യക്തിയും തിരിച്ചറിയണം.

Share
Leave a Comment