ഇടുക്കി: വിനോദസഞ്ചാരികളിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ എട്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. നിരോധിത പുകയില ഉൽപ്പന്നം കൈവശം വെച്ച വിനോദസഞ്ചാരികളിൽ നിന്നാണ് അടിമാലി എക്‌സൈസ് എൻഫോഴ്‌സ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത്. പിഴയെന്ന വ്യാജേന 21,000 രൂപയാണ് വിനോദ സഞ്ചാരികളിൽ നിന്ന് വാങ്ങിയത്. ഇടുക്കി ഡെപ്യൂട്ടി കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് കമ്മീഷണറാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.
സിഐ പി ഷൈബു,പ്രിവൻറീവ് ഓഫീസർമാരായ എംസി അനിൽ സിഎസ് വിനേഷ് കെ എസ് അസീസ്, സിവിൽ ഏക്‌സൈസ് ഓഫീസർമാരായ വി ആർ സുധീർ,കെ എൻ സിജുമോൻ ആർ മണികണ്ഠൻ ഡ്രൈവർ പിവി നാസർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ഒക്ടോബർ 29 നാണ് സംഭവം.കൊരട്ടി പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒയുടെ സഹോദരിയായിരുന്നു പരാതിക്കാരി. മൂന്നാറിലേക്കുള്ള യാത്രാ മദ്ധ്യേ പരാതിക്കാരിയുടെ ഭർത്താവിൽ നിന്നും ഉദ്യോഗസ്ഥർ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. കേസെടുക്കാതെ വിട്ടയക്കാൻ 24,000 രൂപയാണ് എക്‌സൈസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. ഇത് നൽകിയതോടെ 3,000 രൂപ പിഴ ഇനത്തിൽ ഈടാക്കി, ബാക്കി തുക സിഐയും സംഘവും തട്ടിയെടുത്തതായാണ് പരാതി.
പരാതി നൽകിയെന്നറിഞ്ഞതോടെ വാങ്ങിയ പണം തിരികെ നൽകി കേസ് ഒതുക്കി തീർക്കാനും ശ്രമിച്ചു. ഇതും കേസിൽ നിർണ്ണായക തെളിവായി. ഇതിന് പിന്നാലെ ഡെപ്യൂട്ടി കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ സ്‌ക്വാഡിലെ എട്ട് ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു.
















Comments