കൊച്ചി: കാറിനുള്ളിൽ മോഡലായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരാണ് പിടിയിലായത്. പ്രതികളെ ഇന്ന് ലഹരി പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം പീഡനത്തിന് ഇരയായ പെൺകുട്ടി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രവിപുരത്തെ ബാറിൽ എത്തിയ യുവതി മദ്യപിച്ചതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്നവർ യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയി. ഇതിനിടെ കാറിലിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. പീഡനത്തിന് ശേഷം കാക്കനാട്ടെ താമസ സ്ഥലത്ത് പെൺകുട്ടിയെ ഇറക്കി വിട്ടു.
പരിക്കേറ്റ യുവതി കാക്കനാട് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി എത്തിയതിനെ തുടർന്ന് ആശുപത്രി അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്. എറണാകുളം ഇൻഫോ പാർക്ക് പോലീസിന് ലഭിച്ച പരാതിയിൽ മൊഴി രേഖപ്പെടുത്തിയ ശേഷം എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറി. സംഭവം നടന്നത് സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്.
പ്രതികളുടേതെന്ന് കരുതുന്ന കറുത്ത ഥാർ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജസ്ഥാൻ സ്വദേശിയും മലയാളികളായ മൂന്ന് യുവാക്കളുമാണ് കസ്റ്റഡിയിലുള്ളത്. കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിധിൻ, സുധി എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല.
Comments