കൊച്ചി: യുവ മോഡൽ കാറിനുള്ളിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന വാർത്തയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നേരിട്ട ദുരനുഭവത്തിന് പിന്നിൽ സ്ത്രീ സുഹൃത്താണ് പ്രവർത്തിച്ചതെന്ന് 19-കാരിയായ മോഡൽ പറയുന്നു.
രാജസ്ഥാൻ സ്വദേശിനിയായ ഡോളി, കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ, സുദീപ്, വിവേക് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്. ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതിയായ ഡോളിയുടെ സഹായത്തോടെ 45 മിനിറ്റോളം നേരം പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് വിവരം. കറുത്ത ഥാർ വാഹനത്തിലാണ് പീഡനം നടന്നത്. ഈ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി കൊച്ചിയിലുള്ള ഫ്ളൈ ഹൈ ഹോട്ടലിൽ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. സുഹൃത്തായ രാജസ്ഥാൻ സ്വദേശിനിയാണ് പെൺകുട്ടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിനായി പലതവണ ഡോളിയോടൊപ്പം മോഡൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ പരിചയത്തെ തുടർന്നാണ് ഹോട്ടലിലേക്ക് വിളിച്ചപ്പോൾ പോയതെന്നും യുവതി പറയുന്നു.
ഹോട്ടലിലെത്തി രണ്ടാമത്തെ പെഗ് ബിയർ കഴിച്ചതോടെ അവശത അനുഭവപ്പെടാൻ തുടങ്ങി. ആ ബിയറിൽ എന്തോ ഒന്ന് ചേർത്തിട്ടുണ്ടെന്നാണ് യുവതി സംശയിക്കുന്നത്. അവശത അനുഭവപ്പെട്ടപ്പോൾ തന്നെ പെൺകുട്ടിയെ ഡോളി ഹോട്ടലിന് പുറത്തെ പാർക്കിംഗ് ഏരിയയിലേക്ക് കൊണ്ടുവന്നു. ഇവിടെ കിടന്നിരുന്ന ഥാറിൽ കയറാൻ ഡോളി ആവശ്യപ്പെട്ടു. കാറിലുള്ളത് തന്റെ സുഹൃത്തുക്കളാണെന്നും അവർ പറഞ്ഞു. ഹോട്ടലിനകത്ത് രണ്ട് പേരെ കാണാനുണ്ടെന്നും അവരെ കണ്ട് താൻ മടങ്ങിവരുന്ന വരെ കാറിൽ ഇരിക്കാനും ഡോളി നിർദേശിച്ചു.
സ്വബോധം പകുതിയോളം നഷ്ടപ്പെട്ട് അവശനിലയിൽ നിൽക്കുകയായിരുന്ന യുവതിക്ക് അപ്പോൾ വാഹനത്തിൽ കയറുകയല്ലാതെ മറ്റ് മാർഗങ്ങളില്ലായിരുന്നു. ഥാറിനുള്ളിൽ വിവേക്, സുധി, നിതിൻ എന്നിവരാണുണ്ടായിരുന്നത്. മോഡൽ വാഹനത്തിൽ കയറിയതോടെ ഇവർ ഥാറെടുത്ത് ഹോട്ടലിന് പുറത്തേക്ക് പോയി. തുടർന്ന് മൂന്ന് പേരും മാറി മാറി പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു.
ഇതിനിടെ ഒരു ഹോട്ടലിൽ കൊണ്ടുപോയി യുവതിക്ക് പ്രതികൾ ഭക്ഷണം വാങ്ങി നൽകി. അപ്പോൾ ഭയം മൂലം ഹോട്ടൽ ജീവനക്കാരെ വിവരമറിയിക്കാൻ കഴിഞ്ഞില്ലെന്നും മോഡൽ പറഞ്ഞു. ഏകദേശം 45 മിനിറ്റിന് ശേഷം കാർ തിരിച്ച് ഫ്ളൈഹൈ ഹോട്ടലിലേക്ക് എത്തുകയും ഡോളിയെ കയറ്റി കാക്കനാട്ടേക്ക് പോകുകയും ചെയ്തു. അവിടെ പരാതിക്കാരി താമസിക്കുന്ന വീട്ടിൽ ഇറക്കിവിട്ട് പ്രതികൾ കടന്നുകളഞ്ഞു. എന്നാൽ പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിയതോടെയാണ് വിവരം പുറത്തുവന്നത്.
നിലവിൽ രാജസ്ഥാൻ സ്വദേശിനി അടക്കമുള്ള നാല് പ്രതികളും കൊച്ചി സൗത്ത് പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. കൊടുങ്ങല്ലൂരിൽ നിന്നായിരുന്നു യുവാക്കളെ പോലീസ് പിടികൂടിയത്.
Comments