ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന എഎപി മന്ത്രി സത്യേന്ദർ ജെയിനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനുമെതിരെ പരാതി നൽകി ബിജെപി നേതാക്കൾ. തിഹാർ ജയിലിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ബിജെപി നേതാക്കളായ പർവേഷ് സാഹിബ് സിംഗ്, മജീന്ദർ സിംഗ് സിർസ, തജീന്ദർ പാൽ സിംഗ് ബഗ്ഗ എന്നിവരാണ് പരാതി നൽകിയത്.
മന്ത്രി 2000-ത്തിലെ പ്രിസണേഴ്‌സ് ആക്ടിൽ ലംഘനം നടത്തിയെന്നും ജയിലിലെ കീഴ് വഴക്കങ്ങൾ തെറ്റിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ആരോപിച്ചാണ് പരാതി നൽകിയത്. മന്ത്രിയ്‌ക്കെതിരെ തെളിവുകൾ പുറത്തുവന്നിട്ടും മുഖ്യമന്ത്രി സത്യേന്ദർ ജെയിനെതിരെ പരാതി സ്വീകരിക്കുന്നില്ലെന്നും ബിജെപി ആരോപിച്ചു. അരവിന്ദ് കേജ്‌രിവാളിന്റെ അനുയായിയാണ് ജെയിനെന്നും അതിനാൽ വിവിഐപി പരിഗണനകൾ നൽകാൻ മുഖ്യമന്ത്രി നിർബന്ധിതനാണെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി. മന്ത്രിയുടെ ഹവാല ഇടപാടുകളിൽ മുഖ്യമന്ത്രിയും പങ്കാളിയാണെന്നും അതുകൊണ്ടാണ് മന്ത്രിസഭയിൽ നിന്ന് പുറത്താക്കാത്തതെന്നും ബിജെപി ചൂണ്ടിക്കാട്ടി.
തിഹാർ ജയിലിൽ മന്ത്രി ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് തെളിയ്‌ക്കുന്ന വീഡിയോ ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടിരുന്നു. ബിജെപി നേതാവ് ഷെഹസാദ് പൂനെവാലയാണ് ട്വിറ്ററിലൂടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ആം ആദ്മി പാർട്ടിയുടെ യഥാർത്ഥ മുഖമാണ് ഇതിലൂടെ തെളിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എഎപി മന്ത്രിയ്‌ക്ക് തലയും കാലും മറ്റും മസാജ് ചെയ്ത് സുഖസൗകര്യങ്ങൾ ഒരുക്കുന്നതായി ഇഡി ദൃശ്യങ്ങൾ സഹിതം കോടതിയെ അറിയിച്ചിരുന്നു. നിർദ്ദിഷ്ട സമയത്തിന് ശേഷവും ജെയിന് കൂട്ടാളികളുമായി സംസാരിച്ചിരുന്നതായും അദ്ദേഹത്തിന് മാത്രമായി പ്രത്യേക ഭക്ഷണം നൽകിയിരുന്നതായും ഇഡി കോടതിയിൽ ബോധിപ്പിച്ചിരുന്നു. ജയിലിനുള്ളിൽ മന്ത്രി ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് പാർട്ടി തള്ളിയതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.
Comments