പനാജി: ശ്രദ്ധാ കൊലപാതകക്കേസിലെ പ്രതി അഫ്താബ് അമീൻ പൂനവാലയുടെ കോലം കത്തിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ. ദക്ഷിണ ഗോവയിലെ കർച്ചോരം ടൗണിലാണ് അഫ്താബിന്റെ കോലം കത്തിച്ച് പ്രതിഷേധം നടന്നത്. ശ്രദ്ധയുടെ കൊലപാതകം ലൗ ജിഹാദിന്റെ പരിണിതഫലമാണെന്നും കൊലയാളി അഫ്താബിന് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
അതേസമയം അഫ്താബിന്റെ കൊടുംക്രൂരതയിൽ ഞെട്ടൽ രേഖപ്പെടുത്തുകയാണ് ഉറ്റസുഹൃത്തുക്കൾ. 15 വർഷത്തിലധികമായി അഫ്താബിനെ അറിയാം. കുട്ടിക്കാലം തൊട്ടേ ഒരുമിച്ച് കളിച്ച് വളർന്നതാണ്. ഇത്രയും ക്രൂരമായ കൊലപാതകം ചെയ്യാൻ അവന് കഴിയുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ഉറ്റസുഹൃത്ത് നിഷാന്ത് പറഞ്ഞു. പഠനത്തിലും ജോലിയിലും എല്ലാം അഫ്താബ് മിടുക്കനായിരുന്നു. സ്വഭാവത്തിൽ എന്തെങ്കിലും പ്രശ്നമുള്ളതായി അനുഭവപ്പെട്ടിരുന്നില്ലെന്നും സുഹൃത്ത് പ്രതികരിച്ചു.
മെയ് 18നായിരുന്നു അഫ്താബ് അമീൻ പൂനവാലയെന്ന യുവാവ് ലിവിൻ-പാർട്‌നർ ആയ ശ്രദ്ധയെ കൊലപ്പെടുത്തിയത്. തുടർന്ന് യുവതിയുടെ മൃതദേഹം 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഡൽഹിയിലെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. മൃതദേഹാവശിഷ്ടങ്ങൾ സൂക്ഷിക്കാൻ പുത്തൻ ഫ്രിഡ്ജ് വാങ്ങിയിരുന്നു. അനാട്ടമി പഠിച്ചായിരുന്നു കൃത്യമായി വെട്ടിനുറുക്കിയത്. ചോരക്കറ നീക്കം ചെയ്യാനുള്ള വഴികൾ ഗൂഗിളിൽ തിരഞ്ഞു. ഒടുവിൽ 18 ദിവസമെടുത്ത് മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. 2019ൽ ഒരു ഡേറ്റിംഗ് ആപ്പ് വഴിയായിരുന്നു അഫ്താബും ശ്രദ്ധയും പരിചയപ്പെട്ടത്. പിന്നാലെ പ്രണയത്തിലായ ഇരുവരും ഒന്നിച്ച് താമസിച്ച് വരുന്നതിനിടെയാണ് കൊലപാതകം.
Comments