പ്രണയവും വേർപിരിയലും ഇന്ന് സർവ്വസാധാരണയാണ്. പ്രണയത്തിൽ ഏർപ്പെടുകയും പിന്നെ അതിൽ നിന്ന് വേർപിരിഞ്ഞ് മറ്റ് ബന്ധങ്ങൾ തേടിപ്പോകുകയും ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ചിലർക്ക് ഇതൊരിക്കലും സഹിക്കാനാകില്ല. ഉപേക്ഷിച്ച് പോയ കാമുകനെയോ അല്ലെങ്കിൽ കാമുകിയെയോ കുറിച്ചാലോചിച്ച് ഇവർ വിഷമിച്ചിരിക്കും. ചിലർ ഉപേക്ഷിച്ച പോയവരെ ശത്രുക്കളായി കാണുന്നു. അവരുടെ ജീവിതം കൂടുതൽ കഷ്ടത്തിലാക്കാൻ വേണ്ടി പണികൊടുക്കാനും ഇവർ തയ്യാറായിരിക്കും.
അത്തരത്തിൽ തേച്ചിട്ട് പോയ കാമുകന് എട്ടിന്റെ പണികൊടുത്ത യുവതിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ താരമാകുന്നത്. ലോസ് എയ്ഞ്ചൽസിൽ നിന്നുള്ള പോപ്പ് ഗായികയും ഗാനരചയിതാവുമായ ഇസ എന്ന 25 -കാരിയാണ് കാമുകനോട് മധുരപ്രതികാരം ചെയ്തത്. തന്റെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ തേടിപ്പോയ കാമുകന്റെ വീടിന് മുന്നിൽ തന്റെ ഫ്‌ലക്‌സ് ബോർഡ് സ്ഥാപിച്ചാണ് യുവതിയുടെ പ്രതികാരം.
”ഐ സേ ദിസ് വിത്ത് ലവ്” എന്ന ക്യാപ്ഷനോടെയാണ് യുവതി സ്വന്തം പടം ഫ്‌ലക്‌സ് അടിച്ചത്. കാമുകൻ പുതിയ കാമുകിയോടൊപ്പം താമസിക്കുന്ന വീടിന് മുന്നിലും പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും മറ്റും ഫ്‌ലക്‌സ് ബോർഡുകൾ കൊണ്ട് നിറച്ചിട്ടുണ്ട്. ഈ വീഡിയോ യുവതി തന്നെ ടിക്ക് ടോക്കിൽ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയ്‌ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
കാമുകൻ ഉപേക്ഷിച്ച് പോയതിൽ തനിക്ക് ഒരു വിഷമവുമില്ലെന്നും എന്നാൽ അയാൾക്ക് ഇതൊരു നഷ്ടമായിതോന്നണമെന്നും യുവതി പറഞ്ഞു. അതുകൊണ്ടാണ് താൻ ഇത്തരത്തിൽ പ്രതികാരം ചെയ്തത് എന്നും യുവതി പറയുന്നുണ്ട്.
Comments