അഹമ്മദാബാദ് : സ്വന്തമായി വരച്ച ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് പതിമൂന്നുകാരിയായ പെൺകുട്ടി. ഗുജറാത്തിലെ വാപിയിൽ പ്രചാരണത്തിന് എത്തിയപ്പോഴാണ് ഈ പെൺകുട്ടി മോദിയുടെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചത്. റോഡ് ഷോയ്ക്കിടയിലും പെൺകുട്ടിയെ ശ്രദ്ധിച്ച മോദി, ചിത്രം ഏറ്റുവാങ്ങി.
പ്രധാനമന്ത്രിയുടെ റോഡ്ഷോയ്ക്ക് മുന്നോടിയായി ആയിരക്കണക്കിന് ആളുകൾ മണിക്കൂറുകളോളം അദ്ദേഹത്തെ കാണാൻ വരിവരിയായി കാത്തുനിന്നിരുന്നു. ഇതിൽ വാപി നിവാസിയായ അമി ഭട്ടു എന്ന 13 വയസുകാരിയുമുണ്ടായിരുന്നു. നാല് മണിക്കൂറോളം നേരമാണ് മോദിയെ കണ്ട് സമ്മാനം നൽകാൻ വേണ്ടി പെൺകുട്ടി കാത്തുനിന്നത്. താൻ സ്വയം വരച്ച മോദിയുടെ ഛായാചിത്രം അദ്ദേഹത്തിന് നൽകുകയായിരുന്നു കുട്ടിയുടെ ലക്ഷ്യം.
തുടർന്ന് കാറിൽ മോദി എത്തിയതോടെ ആരവങ്ങൾ ഉയർന്നു. ഇതിനിടെ തന്റെ ഛായാചിത്രം വഹിച്ചുകൊണ്ട് നിന്ന 13 വയസുകാരിയെ പ്രധാനമന്ത്രി കണ്ടു. കുട്ടിയിൽ നിന്ന് അത് വാങ്ങാൻ അദ്ദേഹം തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ പെൺകുട്ടിയുടെ അടുത്തേക്ക് ഓടി, അവളുടെ കൈയ്യിൽ നിന്ന് പെയിന്റിംഗ് വാങ്ങി പ്രധാനമന്ത്രി മോദിയുടെ അടുത്തേക്ക് മടങ്ങി.
റോഡ്ഷോയ്ക്കിടെ, അദ്ദേഹം തന്നെ കാണുകയും, സെക്യൂരിറ്റി ഗാർഡിനോട് തന്നിൽ നിന്ന് ഛായാചിത്രം തവാങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഏറ്റവുമധികം അഭിമാനം തോന്നിയ നിമിഷമായിരുന്നു അത് എന്ന് പെൺകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന് വേണ്ടിയാണ് മോദി ഗുജറാത്തിൽ എത്തിയത്. ഡിസംബർ 1,5 എന്നീ തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 8 ന് വോട്ടെണ്ണൽ നടക്കും.
Comments