കൊൽക്കത്ത: ലോകം ഫിഫ ലോകകപ്പിന്റെ ആരവങ്ങളിൽ മുഴുകുമ്പോൾ ഇന്ത്യൻ ഫുട്ബോളിന്റെ കണ്ണീരായി ബാബു മണി. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്ടനായിരുന്ന ബാബു മണിയുടെ അന്ത്യം കഴിഞ്ഞ രാത്രിയിലായിരുന്നു. അമ്പത്തിയൊൻപതാം വയസ്സിലായിരുന്നു കർണാടക സ്വദേശിയായ അദ്ദേഹം അന്തരിച്ചത്.
എൺപതുകളിൽ രാജ്യം കണ്ട പ്രതിഭാശാലിയായ ഫോർവേഡ് ആയിരുന്നു ബാബു മണി. 1984ലെ നെഹ്രു കപ്പിൽ അർജന്റീനയെ നേരിട്ട ഇന്ത്യൻ ടീമിൽ അംഗമായിരുന്നു അദ്ദേഹം. എ എഫ് സി ഏഷ്യൻ കപ്പിൽ ആദ്യമായി യോഗ്യത നേടിയ ഇന്ത്യൻ ടീമിലും നിറസാന്നിദ്ധ്യമായിരുന്നു ബാബു മണി. 1985ലും 1987ലും ഇന്ത്യ സാഫ് കപ്പ് ചാമ്പ്യന്മാരായതും ബാബു മണി ഉൾപ്പെടെയുള്ള താരങ്ങളുടെ മികവിലായിരുന്നു.
1984 ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ശക്തരായ യെമൻ അറബ് റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് കൊൽക്കത്തയിൽ ഇന്ത്യ പരാജയപ്പെടുത്തുമ്പോഴും ഇന്ത്യയുടെ പ്രധാന ഫോർവേഡ് ബാബു മണി ആയിരുന്നു. മുഹമ്മദൻ സ്പോർട്ടിംഗ്, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ തുടങ്ങി കൊൽക്കത്തയിലെ വിഖ്യാതമായ മൂന്ന് ഫുട്ബോൾ ക്ലബ്ബുകൾക്കും വേണ്ടി ബൂട്ടണിഞ്ഞ താരമായിരുന്നു അദ്ദേഹം.
1983ൽ ഫെഡറേഷൻ കപ്പ് നേടിയ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബ്, സി എഫ് എൽ, ഐ എഫ്ൽ ഷീൽഡ്, ഡ്യൂറന്റ് കപ്പ്, റോവേഴ്സ് കപ്പ്, ഫെഡറേഷൻ കപ്പ് എന്നിവ നേടിയ മോഹൻ ബഗാൻ, സി എഫ് എൽ, ഐ എഫ് എ ഷീൽഡ്, ഡ്യൂറന്റ് കപ്പ് റോവേഴ്സ് കപ്പ് എന്നിവ നേടിയ ഈസ്റ്റ് ബംഗാൾ എന്നീ ടീമുകളുടെ കരുത്തായിരുന്നു ബാബു മണി.
സന്തോഷ് ട്രോഫിയിൽ കർണാടകയുടെ താരമായി കളിച്ചിട്ടുള്ള ബാബു മണിക്ക് കേരളത്തിലും ആരാധകർ ഏറെയാണ്. 1981- 82 സീസണിൽ തൃശൂരിൽ കളിച്ച ബാബു മണിയെ അക്കാലത്തെ ഫുട്ബോൾ ആരാധകർ ഒരിക്കലും മറക്കില്ല. ബാബു മണിയുടെ നിര്യാണത്തിൽ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നിവർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
We, at #EastBengalFC, condole the demise of our former forward Babu Mani, who breathed his last yesterday at the age of 59.
The former India captain won the CFL and the Rovers Cup once each, and the IFA Shield and the Durand Cup twice each with us during his prolific career. pic.twitter.com/BCsVAy14H7
— East Bengal FC (@eastbengal_fc) November 20, 2022
കാൽപ്പന്തുത്സവത്തിന് കാതങ്ങൾക്കപ്പുറം അരങ്ങുണരുമ്പോൾ നമുക്ക് മറക്കാതിരിക്കാം, ഇന്ത്യൻ ഫുട്ബോളിന്റെ പ്രതാപകാലത്ത് അന്താരാഷ്‌ട്ര വേദികളിലും ദേശീയ വേദികളിലും നമ്മുടെ അഭിമാനം ജ്വലിപ്പിച്ച മഹാനായ ഈ താരത്തെ.
Comments