ബംഗലൂരു: പരിമിത ഓവർ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ ഇന്ത്യയിൽ പിറന്നു. വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ തമിഴ്നാടാണ് റെക്കോർഡ് ടോട്ടൽ പടുത്തുയർത്തിയത്. 50 ഓവറിൽ 2 വിക്കറ്റിന് 506 റൺസാണ് തമിഴ്നാട് അടിച്ചു കൂട്ടിയത്. ടോസ് നേടിയ അരുണാചൽ തമിഴ്നാടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
141 പന്തിൽ 25 ബൗണ്ടറികളുടെയും 15 സിക്സറുകളുടെയും അകമ്പടിയോടെ 277 റൺസെടുത്ത എൻ ജഗദീശനാണ് തമിഴ്നാടിനെ റെക്കോർഡ് സ്കോറിൽ എത്തിച്ചത്. 102 പന്തിൽ 154 റൺസ് നേടിയ സായ് സുദർശൻ ജഗദീശന് മികച്ച പിന്തുണ നൽകി. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 38.3 ഓവറിൽ 416 റൺസ് കൂട്ടിച്ചേർത്തു.
ചേതൻ ആനന്ദ് എന്ന അരുണാചൽ ബൗളർ മറക്കാനാഗ്രഹിക്കുന്ന ദിവസമായിരിക്കും ഇന്ന്. 10 ഓവറിൽ 114 റൺസാണ് ചേതൻ വിട്ടു കൊടുത്തത്. എല്ലാ അരുണാചൽ ബൗളർമാരുടെയും ഇക്കോണമി നിരക്ക് 7.20നും മുകളിലാണ്.
കഴിഞ്ഞ ജൂൺ 17ന് ആംസ്റ്റെൽവീനിൽ നെതർലൻഡ്സിനെതിരെ ഇംഗ്ലണ്ട് നേടിയ 498/4 എന്ന സ്കോറാണ് ഇന്നത്തെ തമിഴ്നാടിന്റെ വെടിക്കെട്ടോടെ പഴങ്കഥയായത്.
Comments