കോട്ടയം: അയൽവാസിയുടെ വളർത്തുനായ കടിച്ചതിൽ പ്രകോപിതനായ 54-കാരൻ നായയെ കിണറ്റിലെറിഞ്ഞു. നായയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ആൾക്കും കടിയേറ്റു. നായയുടെ കടിയേറ്റ കറുകച്ചാൽ സ്വദേശികളായ രാജൻ, രതീഷ് എന്നിവർ ചികിത്സ തേടി.
കഴിഞ്ഞ ദിവസമാണ് സംഭവം. രാജൻ രാവിലെ നടന്ന് പോകുമ്പോഴായിരുന്നു അയൽവാസിയുടെ നായ കുരച്ചുകൊണ്ട് ഓടിയെത്തിത്. നായയെ ഓടിക്കാൻ ശ്രമിക്കുമ്പോഴാണ് കടിയേറ്റത്. കൈയിൽ കടിച്ച് തൂങ്ങി കിടന്ന നായയെ രാജൻ സമീപത്തെ കിണറ്റിലെറിയുകയായിരുന്നു.
തുടർന്ന് നായയെ രക്ഷിക്കുന്നതിനായാണ് രതീഷ് കിണറ്റിലറങ്ങിയത്. ഇയാൾക്കും കടിയേൽക്കുകയായിരുന്നു. കിണറ്റിൽ നിന്നും കരയ്ക്കെടുത്ത നായയെ കെട്ടിയിട്ടു. കഴിഞ്ഞ ദിവസം മറ്റൊരാളെയും ഈ നായ കടിച്ചിരുന്നു.
Comments