ദോഹ: ഖത്തർ ലോകകപ്പിലെ ചരിത്രപരമായ അട്ടിമറിയിൽ അർജന്റീനക്കെതിരെ സൗദി അറേബ്യക്ക് തകർപ്പൻ ജയം. പെനാൽറ്റിയിലൂടെ മത്സരത്തിന്റെ തുടക്കത്തിൽ മെസി നേടിയ ഗോളിനെതിരെ രണ്ടാം പകുതിയിൽ നേടിയ രണ്ട് തകർപ്പൻ ഗോളുകൾക്കാണ് സൗദിയുടെ അട്ടിമറി ജയം. മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ സൗദി അർഹിക്കുന്ന വിജയം തന്നെയാണ് സ്വന്തമാക്കിയത്.
പത്താം മിനിറ്റിൽ മെസി ഗോൾ നേടിയതോടെ ആവേശത്തിലായ അർജന്റീനയെ കൃത്യമായ മാർക്കിംഗിലൂടെ സൗദി പ്രതിരോധ നിര പിടിച്ചു കെട്ടി. നാൽപ്പത്തിയെട്ടാം മിനിറ്റിലായിരുന്നു അർജന്റീനയെ ഞെട്ടിച്ച സൗദിയുടെ ആദ്യ ഗോൾ പിറന്നത്. സാലെ അൽ ഷെഹ്രിയായിരുന്നു സൗദിയുടെ സ്കോറർ. അൻപത്തി മൂന്നാം മിനിറ്റിൽ സലേം അൽദവാസിരിയുടെ ഗോളോടെ, ലോകമെമ്പാടുമുള്ള അർജന്റീനിയൻ ആരാധകരുടെ ഹൃദയം നുറുങ്ങി.
സൗദി അടുപ്പിച്ച് ഏൽപ്പിച്ച ഇരട്ട പ്രഹരങ്ങളിൽ നടുങ്ങിയ അർജന്റീന മടങ്ങി വരവിനായി കിണഞ്ഞു പരിശ്രമിച്ചു. ലയണൽ മെസി പ്രതാപം വിളിച്ചോതി കളം നിറഞ്ഞ് കളിച്ചു. എന്നാൽ, സൗദിയുടെ അത്ഭുതകരമായ പ്രതിരോധവും ഗോൾ വലയ്‌ക്ക് മുന്നിൽ കൈമെയ് മറന്ന് കാവൽ നിന്ന ഗോൾ കീപ്പർ മുഹമ്മദ് അൽ ഒവൈസും ചേർന്ന് അർജന്റീനയിൽ നിന്നും മത്സരം അക്ഷരാർത്ഥത്തിൽ തട്ടിയകറ്റുകയായിരുന്നു.
Comments