മംഗളൂരു: മംഗളൂരു സ്ഫോടന സംഭവത്തിൽ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. സംഭവത്തെ വളരെ ഗൗരവമായാണ് സർക്കാർ എടുത്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മംഗളൂരു സ്ഫോടനം ഗൗരവത്തോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. ഇതിനോടകം 18 സ്ലീപ്പർ സെല്ലുകൾ കർണാടക പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ തിഹാർ ജയിലിലേക്ക് അയയ്‌ക്കുകയും ചെയ്തു. പ്രതികളെല്ലാം ഇതര സംസ്ഥാനങ്ങളിൽ സമ്പർക്കം പുലർത്തിയിരുന്നവരാണ്. സംസ്ഥാനത്തിന്റെ പുറത്തു നിന്നുള്ളവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ബസവരാജ ബൊമ്മൈ പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി കൊണ്ട് അതീവ ഗൗരവകരമായി കേസ് അന്വേഷിക്കുകയാണ്. സ്‌ഫോടനത്തിൽ ദേശീയ അന്വേഷണ ഏജൻസിയും(എൻഐഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായവരുടെ പിന്നിൽ പ്രവർത്തിച്ച സംഘടനയുടെ പ്രവർത്തനം പിഴുതെറിയാൻ എൻഐഎ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബൊമ്മെ വ്യക്തമാക്കി. പ്രതി മുഹമ്മദ് ഷാരിക്ക് ഹിന്ദു പേരും ഐഡന്റിറ്റിയും ഉപയോഗിച്ചാണ് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചിരുന്നതെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും പറഞ്ഞു.
അതേസമയം, മുഹമ്മദ് ഷാരിക്കിന് കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ പങ്കുണ്ടെന്ന് കർണാടക പോലീസ് കണ്ടെത്തി. കോയമ്പത്തൂർ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ നടന്ന കാർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിനുമായി ഷാരിക്കിന് ബന്ധമുണ്ടായിരുന്നു. മുബിനെ ഷാരിക്ക് നേരിൽ കണ്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ സെപ്റ്റംബറിലാണ് മുബിനും ഷാരിക്കും നേരിൽ കണ്ടത്. തമിഴ്‌നാട്ടിലെ സിംഗനെല്ലൂരിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും പോലീസ് വ്യക്തമാക്കി.
















Comments