ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ എന്ന പ്രത്യേകതയുമായാണ് ടാറ്റ മോട്ടോഴ്‌സിന്റെ ടാറ്റ ടിയാഗോ വിപണിയിലെത്തിയത്. ബുക്കിംഗ് ആരംഭിച്ച് ആദ്യ ദിനം തന്നെ 10,000 ബുക്കിംഗ് വാഹനത്തിന് ലഭിച്ചുവെന്ന് കമ്പനി പറഞ്ഞിരുന്നു. ഇപ്പോൾ, ടിയാഗോ ഇവിക്ക് ആദ്യ മാസത്തിൽ തന്നെ 20,000 ബുക്കിംഗുകൾ ലഭിച്ചതായാണ് ടാറ്റ മോട്ടോഴ്‌സ് വെളിപ്പെടുത്തുന്നത്. സെപ്റ്റംബർ 30-നാണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചത്. ഒക്ടോബർ 10-ന് വാഹനത്തിന്റെ ബുക്കിംഗും ആരംഭിച്ചു.
8.49 ലക്ഷമാണ് ടിയാഗോ ഇവിയുടെ അടിസ്ഥാന വില. 11.79 ലക്ഷമാണ് കാറിന്റെ ഉയർന്ന വകഭേദത്തിന്റെ വില. ഏഴ് വിവിധ മോഡലുകളിൽ വാഹനം ലഭ്യമാകും. ഡിസംബർ മുതലാണ് ഉപഭാക്താക്കൾക്ക് ടെസ്റ്റ് ഡ്രൈവിനായി വാഹനം ലഭിക്കുന്നത്. 2023 ജനുവരി മുതൽ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും. ഫ്രണ്ട് ഗ്രില്ലിന്റെ ഇരുവശത്തും പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, ഇടത് ഹെഡ്‌ലൈറ്റിൽ ഇലക്ട്രിക് വെഹിക്കിൾ ബാഡ്ജ്, ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള ഇലക്ട്രിക് ബ്ലൂ ആക്‌സന്റുകൾ, 14 ഇഞ്ച് ഹൈപ്പർസ്റ്റൈൽ വീൽ എന്നിവയാണ് പുതിയ ഇവിയുടെ പ്രത്യേകതകൾ. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 8 സ്പീക്കർ ഹർമാൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മറ്റ് കണക്റ്റഡ് കാർ സാങ്കേതികവിദ്യകൾ എന്നിവയ്‌ക്കൊപ്പം ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ടിയാഗോ ഇവിയ്‌ക്ക് കമ്പനി നൽകിയിരിക്കുന്നു.
ടീൽ ബ്ലൂ, ഡേടോണ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ്, മിഡ്‌നൈറ്റ് പ്ലം, ട്രോപ്പിക്കൽ മിസ്റ്റ് എന്നീ അഞ്ച് നിറങ്ങളിലാണ് വാഹനം ലഭിക്കുക. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളാണ് ടാറ്റ ടിയാഗോ ഇവിയ്‌ക്ക്. 24 kWh ബാറ്ററി പാക്ക് മോഡലിന് 315 കിലോമീറ്റർ റേഞ്ചും, 19.2 kWh ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. ഹാച്ച്ബാക്കിന് നാല് ചാർജിംഗ് ഓപ്ഷനുകൾ ലഭിക്കുന്നു. 15 എ സോക്കറ്റ്, 3.3 കിലോവാട്ട് എസി ചാർജർ, 7.2 കിലോവാട്ട് എസി ഹോം ചാർജർ, ഡിസി ഫാസ്റ്റ് ചാർജർ എന്നിവ ഉപയോഗിച്ച് വീട്ടിൽ ഇവ ചാർജ് ചെയ്യാം. ഡിസി ഫാസ്റ്റ് ചാർജിംഗ് ഉപയോഗിച്ച് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 57 മിനിറ്റ് മതി. ബാറ്ററിക്കും മോട്ടറിനും ടാറ്റ 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്ററാണ് വാറണ്ടി പറയുന്നത്.
Comments