തിരുവനന്തപുരം: ആദ്യകാല ചലച്ചിത്ര നടൻ മിഗ്ദാദ് (76) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ജഗദീഷിന്റെ കഥയ്‌ക്ക് ശ്രീനിവാസൻ തിരക്കഥ രചിച്ച് സിബി മലയിൽ സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒ എന്ന സിനിമയിലൂടെയാണ് മിഗ്ദാദ് മലയാളി പ്രേക്ഷകർക്കിടയിൽ പ്രശസ്തനായത്.
1982-ൽ പുറത്തിറങ്ങിയ ‘ആ ദിവസം’ എന്ന സിനിമയിലൂടെയാണ് മിഗ്ദാദ് അഭിനയരംഗത്ത് എത്തിയത്. വോളിബാൾ ദേശീയ താരവുമായിരുന്നു അദ്ദേഹം. 1885-ലാണ് സിബി മലയിലിന്റെ ആദ്യ സിനിമയായ മുത്താരംകുന്ന് പി.ഒ-യിൽ രാജൻപിള്ള എന്ന ഫയൽവാന്റെ വേഷം മിഗ്ദാദ് ചെയ്തത്. പിന്നീട് ആനയ്‌ക്കൊരുമ്മ, പൊന്നും കുടത്തിനും പൊട്ട്, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, അദ്ദേഹം എന്ന ഇദ്ദേഹം, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങി നിരവധി സിനിമകളിൽ മിഗ്ദാദ് അഭിനയിച്ചു. സിനിമകളിൽ മാത്രമല്ല, സീരിയലുകളിലും അദ്ദേഹം വേഷമിട്ടു.
2010-ൽ പോസ്‌റ്റൽ ആന്റ് ടെലഗ്രാഫ് വകുപ്പിൽ നിന്ന് വിരമിച്ചു. പേട്ട അക്ഷരവീഥി മഠത്തുവിളാകം ലെയ്നിൽ എവിആർഎ 12- X-ലായിരുന്നു മിഗ്ദാദ് താമസിച്ചിരുന്നത്. ഭാര്യ- റഫീക്ക മിഗ്ദാദ്. മക്കൾ- മിറ മിഗ്ദാദ്, റമ്മി മിഗ്ദാദ്. മരുമക്കൾ- സുനിത് സിയാ, ഷിബിൽ മുഹമ്മദ്.
Comments