ലക്‌നൗ: അഗ്നിവീറാകാൻ പരിശ്രമിക്കുന്നവരെ തരംതാഴ്‌ത്തി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും അഗ്നിവീറാകാൻ തുനിയില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. മെയിൻപുരിയിൽ സംഘടിപ്പിച്ച വിമുക്തഭടന്മാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബർ അഞ്ചിന് മെയിൻപുരിയിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അഖിലേഷ് യാജവിന്റെ ഭാര്യ ഡിംപിൾ യാദവാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിൽ വിമുക്തഭടൻമാരുടെ പിന്തുണ തേടി സംസാരിക്കവെയാണ് എസ്പി അദ്ധ്യക്ഷൻ അഗ്നിവീറുകളെ അധിക്ഷേപിച്ചത്.
രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും അഗ്നിവീറാകാൻ പരിശ്രമിക്കില്ല. ഈ പദ്ധതിയിലൂടെ ബജറ്റ് ലാഭിക്കുകയാണെന്ന് സർക്കാർ പറയുന്നു. പക്ഷെ ഈ രീതിയിൽ പോയാൽ രാജ്യം പോലും നിലനിൽക്കുമെന്ന് തോന്നുന്നില്ല. പിന്നെ ബജറ്റ് എങ്ങനെ നിലനിൽക്കുമെന്നും എസ്പി അദ്ധ്യക്ഷൻ ചോദിച്ചു. എസ്പി പ്രവർത്തകർ കഠിനാധ്വാനം ചെയ്യുന്നുണ്ട്. നിങ്ങൾ ഞങ്ങളെ പിന്തുണച്ചാൽ ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടാകില്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
സമാജ്‌വാദി പാർട്ടിയുടെ കുത്തക മണ്ഡലമാണ് മെയിൻപുരി സീറ്റ്. പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ നിര്യാണത്തോടെയാണ് മെയിൻപുരിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒക്ടോബർ 10നായിരുന്നു മുലായം അന്തരിച്ചത്. ഡിസംബർ അഞ്ചിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ശേഷം വോട്ടെടുപ്പ് ഫലം ഡിസംബർ എട്ടിന് പ്രഖ്യാപിക്കുന്നതാണ്.
Comments