കടൽതീരത്ത് പന്നിയുടെ രൂപത്തിന് സമാനമായ നിഗൂഢ ജീവിയുടെ ജഡം; അമ്പരന്ന് കാഴ്ചക്കാർ

Published by
Janam Web Desk

ഡബ്ലിൻ: കടൽതീരത്ത് അടിഞ്ഞുകൂടിയ അജ്ഞാത ജീവിയെ കണ്ട് അമ്പരന്ന് നാട്ടുകാർ. അയർലൻഡിലെ ഒരു ബീച്ചിന്റെ തീരത്താണ് പന്നിയുടെ രൂപത്തിന് സമാനമായ ജീവിയുടെ ജഡം കരയ്‌ക്കടിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. നവംബർ 12നായിരുന്നു ഗാൽവേയിലെ ബർണപിയർ തീരത്ത് നിഗൂഢ രൂപത്തിലുള്ള ജീവിയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് മാദ്ധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജീവി ഏതാണെന്ന് ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. ജഡത്തിൽ തലയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് തിരിച്ചറിയാൻ പ്രയാസമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പന്നിയാണെന്ന് ചിലർ ചൂണ്ടിക്കാട്ടിയപ്പോൾ മറ്റ് ചിലർ നീർനായ ആണെന്ന വാദമാണ് ഉയർത്തുന്നത്. എന്നാൽ അയർലൻഡിന്റെ വടക്കൻ തീരത്ത് സാധാരണയായി കണ്ടുവരുന്ന നീർനായയുടെ രൂപമല്ല ഇതിനെന്നും ചിലർ വ്യക്തമാക്കി. നിഗൂഢത പടർത്തിയ ജീവിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വീണ്ടും വ്യത്യസ്ത അഭിപ്രായങ്ങളുയർന്നു.

അയർലാൻഡിലെ കടൽതീരത്ത് കഴിഞ്ഞ ദിവസമായിരുന്നു ഭീമൻ സ്രാവിന്റെ ജഡം കരയ്‌ക്കടിഞ്ഞത്. കടലിലെ പ്ലാസ്റ്റിക്ക് വിഴുങ്ങി മരണം സംഭവിച്ചതാണെന്നാണ് വിദഗ്ധരുടെ വലിയിരുത്തൽ. മൂന്ന് വയസ് പ്രായമുള്ള 11 മീറ്റർ നീളമുള്ള സ്രാവിന്റെ ജഡമായിരുന്നു കരയ്‌ക്കടിഞ്ഞത്. ലോകത്തിന്റെ പലഭാഗത്തും സമുദ്രതീരത്ത് ഇത്തരത്തിൽ കടൽജീവികളെ ചത്ത നിലയിൽ കണ്ടെത്താറുണ്ട്. ഭീമൻ തിമിംഗലങ്ങളും മറ്റ് മത്സ്യങ്ങളും കരയ്‌ക്കടിയുന്നതിന് പ്രധാന കാരണം അവ ഭക്ഷണമാക്കുന്ന കടലിലെ പ്ലാസ്റ്റിക്കാണെന്നാണ് കരുതുന്നത്.

Share
Leave a Comment