ന്യൂഡൽഹി: പെണ്ണുങ്ങൾ മസ്ജിദിനുള്ളിലേക്ക് ഒറ്റയ്‌ക്കും കൂട്ടായും വരേണ്ടെന്ന ജമാ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനം വിവാദത്തിൽ. മസ്ജിദിനകത്തേക്ക് ആണിനോടൊപ്പമോ കുടുംബത്തോടൊപ്പമോ മാത്രമേ സ്ത്രീകൾ പ്രവേശിക്കാവൂ എന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ അറിയിപ്പ്. ഉത്തരവ് വിവാദമായതോടെ സംഭവത്തിൽ ഇടപെടുമെന്ന് വനിതാ കമ്മീഷൻ വ്യക്തമാക്കി.
ഒന്നുകിൽ കുടുംബാംഗങ്ങൾക്കൊപ്പം വരാം. അതുമല്ലെങ്കിൽ കുടുംബത്തിലെ ഏതെങ്കിലും പുരുഷനോടൊപ്പം വരാം. അതല്ലാതെ സ്ത്രീകൾ ഒറ്റയ്‌ക്കോ, സ്ത്രീകളുടെ മാത്രം സംഘമായോ മസ്ജിദിലേക്ക് വരരുതെന്നായിരുന്നു കമ്മിറ്റിയുടെ ഉത്തരവ്. ഇത്തരത്തിൽ സ്ത്രീകളുടെ പ്രവേശനത്തിന് നിരോധനം ഏർപ്പെടുത്താൻ ആർക്കും അവകാശമില്ലെന്ന് ഡൽഹി വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടി. ജമാ മസ്ജിദ് അഡ്മിനിസ്‌ട്രേഷന് ഇതുസംബന്ധിച്ച് നോട്ടീസ് നൽകുമെന്നും കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ അറിയിച്ചു.
എന്നാൽ കമ്മീഷന്റെ ഇടപെടലിനെ ജമാ മസ്ജിദ് അധികൃതർ എതിർത്തു. മസ്ജിദിനുള്ളിലെത്തി പല സ്ത്രീകളും വീഡിയോ ചിത്രീകരിക്കാറുണ്ട്. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ ഇത്തരം നടപടികൾ നമാസ് ചെയ്യാനെത്തുന്നവർക്ക് ശല്യമായതിനാലാണ് സ്ത്രീകളെ തടയുന്നത്. കുടുംബത്തോടൊപ്പം വരുന്നവർക്കും ദമ്പതികളായി എത്തുന്നവർക്കും പ്രവേശിക്കുന്നതിന് തടസമില്ലെന്നും ജമാ മസ്ജിദ് പിആർ ഓഫീസർ സബിയുള്ള ഖാൻ പ്രതികരിച്ചു.
Comments