തിരുവനന്തപുരം: അനുവാദം അങ്ങോട്ട് ചോദിച്ചു വാങ്ങി കെ സുരേന്ദ്രനൊപ്പം നിന്ന് സെൽഫി എടുത്ത ശേഷം, അദ്ദേഹത്തെ തന്നെ ട്രോളി ഫേസ്ബുക്ക് പോസ്റ്റിട്ട സന്ദീപാനന്ദ ഗിരിക്ക് കെ സുരേന്ദ്രൻ നൽകിയ മറുപടി സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. സന്ദീപാനന്ദ ഗിരിക്ക് മറുപടിയായി, ശങ്കരാചാര്യർ രചിച്ച ഭജഗോവിന്ദത്തിലെ വരികളാണ് സുരേന്ദ്രൻ ഉദ്ധരിച്ചിരിക്കുന്നത്.
“ജടലീ മുണ്ഡീ ലുഞ്ചിത കേശ:
കാഷായാംബര ബഹുകൃത വേഷ:
പശ്യന്നപി ച ന പശ്യതി മൂഢോ
ഹ്യുദരനിമിത്തം ബഹുകൃത വേഷ:“ – ഇതായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വരികൾ.
‘ജഡ ധരിച്ചവൻ, തല മുണ്ഡനം ചെയ്തവൻ, തലയിലെ ഓരോ രോമങ്ങളും പിഴുതെടുത്തവൻ, ഇങ്ങനെ കാഷായ വേഷം ധരിച്ച പലവിധ വേഷങ്ങൾ. സത്യമെന്തെന്ന് കാണുന്നുണ്ടെങ്കിലും സത്യം കാണാത്ത മൂഢന്മാർ. തികച്ചും വയറ്റുപ്പിഴപ്പിനായി മാത്രം പലവിധ വേഷം ധരിച്ചവർ.‘ ഇതാണ് പ്രസ്തുത ശ്ലോകത്തിന്റെ അർത്ഥമായി ആചാര്യന്മാർ വ്യാഖ്യാനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ഹയാത്ത് റീജൻസി ഉദ്ഘാടനവേളയിൽ പങ്കെടുക്കാനെത്തിയ കെ സുരേന്ദ്രനൊപ്പം നിന്നാണ് സന്ദീപാനന്ദ ഗിരി സെൽഫി എടുത്തത്. ‘സ്നേഹിക്ക, യുണ്ണീ നീ നിന്നെ, ദ്രോഹിക്കുന്ന ജനത്തെയും; ദ്രോഹം ദ്വേഷത്തെ നീക്കിടാ, സ്നേഹം നീക്കീടു, മോര്‍ക്ക നീ’ എന്ന കുറിപ്പോടെയായിരുന്നു സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചത്.
Comments