ന്യൂഡൽഹി: സ്ത്രീകളുടെ പ്രവേശന വിലക്ക് പിൻവലിച്ച് ഡൽഹി ജമാ മസ്ജിദ്. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയുടെ ഇടപെടലിന് പിന്നാലെയാണ് തീരുമാനം പിൻവലിച്ചത്. മസ്ജിദിൽ ഒറ്റയ്‌ക്കും, കൂട്ടായും എത്തുന്ന സ്ത്രീകൾക്കാണ് പ്രവേശനത്തിന് വിലക്കേർപ്പെടുത്തിയത്.
ജമാ മസ്ജിദ് ഇമാം ഷാഹി ഇമാം ബുഖാരിയാണ് തീരുമാനം പിൻവലിച്ചതായി അറിയിച്ചത്. സ്ത്രീകൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ശക്തമായ വിമർശനവും പ്രതിഷേധവും ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെ വി.കെ സക്‌സേന ഷാഹി ഇമാം ബുഖാരിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. തീരുമാനം പിൻവലിക്കാൻ അദ്ദേഹം ഇമാം ബുഖാരിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം.
മസ്ജിദിനുള്ളിൽ ചില അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾ നടക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഒറ്റയ്‌ക്കും, കൂട്ടായും എത്തുന്ന സ്ത്രീകൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ മസ്ജിദ് തീരുമാനിച്ചത്. പ്രാർത്ഥനയ്‌ക്ക് വേണ്ടിയാണ് മസ്ജിദ്. എന്നാൽ ഇവിടെയെത്തുന്ന സ്ത്രീകൾ അവരുടെ പേരുകളും മറ്റ് വിശദാംശങ്ങളുമെല്ലാം ഇവിടെ കുറിയ്‌ക്കുന്നു. ഇതിന് പുറമേ അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾ നടക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തുന്നത് എന്നായിരുന്നു മസ്ജിദിന്റെ വിശദീകരണം.
എന്നാൽ തീരുമാനം പുറത്തുവിട്ട് നിമിഷങ്ങൾക്കുള്ളിൽ വിവിധയിടങ്ങളിൽ നിന്നും വിമർശനങ്ങൾ ആരംഭിച്ചു. സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ നോട്ടീസ് നൽകുകയും, അദ്ധ്യക്ഷ സ്വാതി മാലിവാൾ പരസ്യ വിമർശനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.
Comments