ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘ഷെഫീക്കിന്റെ സന്തോഷം’ തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ കയ്യടികൾ നേടുകയാണ്. ആരാധകരും സിനിമാ പ്രേമികളും ഏറ്റെടുത്ത ചിത്രം വലിയ വിജയത്തിലേക്കാണ് നീങ്ങുന്നത്. ഷെഫീക്ക് എന്ന കഥാപാത്രത്തെ ഉണ്ണി മുകുന്ദൻ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചപ്പോൾ, അമീർ എന്ന കഥാപാത്രത്തിലൂടെ ഏറെ നാളുകൾക്ക് ശേഷം മികച്ച തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് നടൻ ബാല. ഒരിടവേളക്ക് ശേഷം ബാല മനോഹരമാക്കിയ കഥാപാത്രമാണ് അമീർ. ഇപ്പോൾ, ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് താരം. ഭാര്യ എലിസബത്തിനൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോയാണ് ബാല പങ്കുവെച്ചിരിക്കുന്നത്.
‘ഷെഫീക്കിന്റെ സന്തോഷം സൂപ്പർ ഡ്യൂപ്പർ ഹിറ്റ്’ എന്ന് വീഡിയോയുടെ തുടക്കത്തിൽ ബാല പറയുന്നു. ധനുഷ് നായകനായ ജഗമേ തന്തിരം എന്ന ചിത്രത്തിലെ ‘രകിട രകിട രകിട’ എന്ന പാട്ടിനാണ് താരം ചുവടു വെയ്‌ക്കുന്നത്. ഭാര്യ എലിസബത്തിനെ ചേർത്ത് നിർത്തിയും അദ്ദേഹം നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. മനോഹരമായ ഈ വീഡിയോ ഉണ്ണിമുകുന്ദനും തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചു. ‘പ്രിയ നടൻ ബാലാ, വളരെ സന്തോഷം, ചിത്രത്തിന്റെ വിജയത്തിനും അഭിനന്ദനത്തിനും നീ അർഹനാണ്’ എന്ന് കുറിച്ചു കൊണ്ടാണ് ബാലയുടെ വീഡിയോ ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്.
നവാഗതനായ അനൂപ് പന്തളമാണ് ചിത്രത്തിന്റെ സംവിധായകൻ. അനൂപ് പന്തളം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ആത്മീയാ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഷാൻ റഹ്മാനാണ് സംഗീത സംവിധായകൻ. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം യുഎംഎഫിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Comments