ആഗ്രഹിച്ച് വാങ്ങിയ വസ്ത്രങ്ങളുടെ നിറം അതിവേഗം മങ്ങുന്നത് എന്തൊരു കഷ്ടമാണ്. ഇതു കാരണം ഇട്ട് കൊതിതീരുന്നതിന് മുൻപു തന്നെ വസ്ത്രം നമുക്ക് ഉപേക്ഷിക്കേണ്ടിവരുന്നു. നിറം മങ്ങുന്നതിൽ ഏറ്റവും മുൻപന്തിയിൽ കോട്ടൻ വസ്ത്രങ്ങളാണ്. തുടർച്ചയായി കഴുകുന്നതിലൂടെ കോട്ടൻ വസ്ത്രങ്ങൾ അതിവേഗം നരയ്‌ക്കുന്നു. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അതിവേഗം നിറം മങ്ങുന്നതിൽ നിന്നും വസ്ത്രങ്ങളെ നമുക്ക് സംരക്ഷിക്കാം.
കടയിൽ നിന്നും ഏത് വസ്ത്രം വാങ്ങിയാലും അത് എങ്ങനെ കഴുകണം എന്ന് നിർദ്ദേശിക്കുന്ന ചെറിയ സ്ലിപ്പ് അതോടൊപ്പം ഉണ്ടാകും. ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിലൂടെ വസ്ത്രങ്ങൾ വേഗം നരയ്‌ക്കുന്നത് ഒഴിവാക്കാം. ചില വസ്ത്രങ്ങൾ വാഷിംഗ് മെഷീനിലോ കൈകൊണ്ടോ കഴുകാവുന്നവയല്ല. അതുകൊണ്ട് തന്നെ കമ്പനിയുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണം.
അലക്കിയ ശേഷം ശക്തമായ വെയിലിലാണ് നാം വസ്ത്രങ്ങൾ ഇടാറുള്ളത്. വസ്ത്രങ്ങൾ നരയ്‌ക്കാൻ സൂര്യപ്രകാശവും ഒരു കാരണമാണ്. എന്നാൽ ഉണങ്ങണമെങ്കിൽ വസ്ത്രങ്ങൾ വെയിലത്ത് ഇട്ടേ മതിയാകൂ. ഈ സാഹചര്യത്തിൽ വസ്ത്രങ്ങൾ പുറം തിരിച്ച് വെയിലത്ത് ഇടുന്നതാണ് നല്ലത്. ഈ രീതിയിൽ ചെയ്താൽ കോട്ടൻ വസ്ത്രങ്ങൾ ഉൾപ്പെടെ നിറം നഷ്ടമാകാതെ ദീർഘകാലം സംരക്ഷിക്കാം.
വസ്തങ്ങൾ എല്ലായ്‌പ്പോഴും തണുത്ത വെള്ളത്തിൽ വേണം കഴുകാൻ. ഇത് നിറം നിലനിർത്താൻ സഹായിക്കും . തുണിയിഴകളെ കൂടുതൽ കട്ടിയുള്ളതാക്കാനും തണുത്തവെള്ളത്തിന് കഴിയും. മെഷീനിൽ വസ്ത്രം അലക്കുന്നവർ എല്ലായ്‌പ്പോഴും ജെന്റിൽ സൈക്കിൾ മോഡിലിടാൻ ശ്രദ്ധിക്കണം.
വസ്ത്രങ്ങൾ അലക്കിയ ശേഷം ഫാബ്രിക് കണ്ടീഷണറുകളിൽ മുക്കുന്നത് നല്ലതാണ്. ഇത് വസ്ത്രങ്ങൾ അതിവേഗം നരയ്‌ക്കുന്നത് തടയുന്നു. ഡ്രൈയറുകൾ ഉപയോഗിച്ച് വസ്ത്രങ്ങൾ ഉണക്കുന്നത് വേഗം നരയ്‌ക്കുന്നതിന് കാരണമാകും. അതിനാൽ എല്ലായ്‌പ്പോഴും പുറത്ത് ഉണക്കാൻ ശ്രദ്ധിക്കുക.
പുതിയ വസ്ത്രങ്ങൾ ആദ്യമായി ധരിച്ച് കഴിഞ്ഞാൽ ഉപ്പുവെള്ളത്തിൽ കഴുക. ഇത് തുണിയിഴയിലെ നിറം അതേ പടി നിലനിൽക്കാൻ സഹായിക്കുന്നു. അലക്കിയ ശേഷം വിനാഗിരിയിൽ കഴുകുന്നതും നിറം അതേപടി നിലനിർത്താൻ സഹായിക്കുന്നു.
വസ്ത്രങ്ങളുടെ നിറങ്ങൾ അറിഞ്ഞു വേണം അലക്കാൻ. എല്ലാ വസ്ത്രങ്ങളും ഒന്നിച്ച് അലക്കാതെ തരം തിരിച്ച് വേണം അലക്കാൻ. ഇളം നിറത്തിലുള്ള വസ്ത്രങ്ങളും കടും നിറത്തിലുള്ള വസ്ത്രങ്ങളും ഒപ്പമിട്ട് കഴുകരുത്. ഇവ രണ്ടും വേറെ വേറെ ആയി കഴുകാം. മറ്റ് തുണികൾക്കൊപ്പമിട്ട് വെള്ള വസ്ത്രങ്ങൾ കഴുകാതിരിക്കാനും ശ്രദ്ധിക്കണം.
















Comments