ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ല കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്തുന്നത് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ആര് പ്രധാനമന്ത്രിയാകണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ഇത്തരം പ്രചാരണങ്ങളിലൂടെ യാത്രയുടെ മൂല്യത്തെ വിലകുറച്ച് കാണരുതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്‌ക്ക് നേതൃത്വം വഹിച്ചുകൊണ്ട് രാഹുലിനെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്ന പ്രചാരണങ്ങൾക്ക് മറുപടിയായാണ് കെസി വേണുഗോപാൽ ഇക്കാര്യം പറഞ്ഞത്. അതോടൊപ്പം രാജസ്ഥാൻ വിഷയവും രമ്യമായി തന്നെ പരിഹരിക്കുമെന്ന് നേതാവ് അറിയിച്ചു. രാജസ്ഥാനിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലേറും എന്ന പ്രതീക്ഷയും വേണുഗോപാൽ പ്രകടിപ്പിച്ചു.
ഭാരത് ജോഡോ യാത്രയ്‌ക്കിടെ തിരക്കിൽ പെട്ട് കെസി വേണുഗോപാലിന് പരിക്കേറ്റിരുന്നു. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. അനിയന്ത്രിതമായ തിരക്കിൽ പെട്ട് വേണുഗോപാൽ താഴെ വീഴുകയായിരുന്നു. കൈയ്‌ക്കും കാൽമുട്ടിനും പരിക്കേറ്റു. തുടർന്ന് യാത്രാ ക്യാമ്പിൽ വച്ച് പ്രഥമ ചികിത്സ നൽകി.
Comments