തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്ന വർഗീയ ശക്തികൾക്കെതിരെ തുറന്നടിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ഗുണ്ടകളോടൊപ്പം അക്രമം നടത്താൻ ളോഹയിട്ട വൈദികരും ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ഇത് തീർത്തും ലജ്ജാവഹമാണ്. പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി വിശ്വാസികളെ ഇളക്കിവിടുകയാണ് ഇവർ ചെയ്യുന്നത് എന്നും വത്സൻ തില്ലങ്കേരി വ്യക്തമാക്കി. വിഴിഞ്ഞത്ത് നടന്ന ജനകീയ സമരത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി ഉത്തരവ് നടപ്പിലാക്കാൻ ബാധ്യതയുള്ള പോലീസ് നിരുത്തരവാദിത്വപരമായി പെരുമാറുകയാണ് ചെയ്യുന്നത്. അക്രമികൾക്ക് പിന്തുണ നൽകുന്ന സമീപനമാണ് പോലീസ് സ്വീകരുക്കുന്നത്. തങ്ങൾ മതത്തേയും മതവേഷത്തെയും ബഹുമാനിക്കുന്നവരാണ്. എന്നാൽ ആ വേഷത്തെ പരിഹാസ്യമാക്കുന്ന രീതിയിൽ മതത്തിന്റെ വേഷം കെട്ടിക്കൊണ്ട് സംസാരിക്കുകയാണ് അതിന്റെ നേതൃസ്ഥാനത്ത് ഇരിക്കുന്ന വ്യക്തികൾ ചെയ്യുന്നത്. ഇതെല്ലാം പോലീസ് കൈയ്യും കെട്ടി നോക്കി നിൽക്കുന്നു.
പോലീസ് സമയോചിതമായി നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ അക്രമികൾ ഇത്രമാത്രം അഴിഞ്ഞാടില്ലായിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനും വേണ്ടി നിർമ്മിക്കുന്ന ഈ പദ്ധതി അട്ടിമറിക്കാൻ വൈദേശിക ശക്തികളുടെ അഞ്ചാം പത്തികളായി പ്രവർത്തിക്കുന്ന വിഭാഗീയ ശക്തികളുടെ കൈയ്യിലെത്തിയ കോടിക്കണക്കിന് രൂപ ഇവിടുത്തെ പോലീസുകാരുടെ കീശയിലും എത്തിയോ എന്നും സംശയിക്കേണ്ടിവരുന്നു. ഇത് അന്വേഷിക്കണം.
കടലമ്മയേയും കടൽ തീരത്തെയും വച്ചുകൊണ്ട് ഏറെ കാലമായി മതത്തിന്റെ വേഷമിട്ട മാഫിയകൾ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്ന കൊള്ളയ്ക്ക് അവസാനമുണ്ടാക്കും എന്ന് കണ്ടപ്പോൾ ഉള്ള അക്രമമാണ് ഇവിടെ നടക്കുന്നത്. അക്രമികൾക്ക് എല്ലാ പിന്തുണയും കൊടുത്തുകൊണ്ടാണോ പോലീസ് ഇവിടെ സമാധാനം കൊണ്ടുവരാൻ ശ്രമിക്കുന്നത് എന്നും വത്സൻ തില്ലങ്കേരി ചോദിച്ചു.
എൺപത് ശതമാനം നിർമ്മാണം പൂർത്തിയാക്കിയ രാജ്യസുരക്ഷയും വികസനവും ലക്ഷ്യം വെച്ചുള്ള വിഴിഞ്ഞം പദ്ധതി നടത്താൻ പാടില്ലെന്ന് ആവശ്യപ്പെട്ടാണ് ലത്തീൻ സഭ സമരം നടക്കുന്നത്. ആദ്യം ഈ സമരത്തിൽ നാട്ടുകാർ ആരും പങ്കെടുത്തിരുന്നില്ല. എന്നാൽ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സമരം മുന്നോട്ട് പോയ സമയത്താണ്, നാട്ടിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ പ്രസ്ഥാനങ്ങളും ചേർന്ന്, നിർമ്മാണ പ്രവർത്തനം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമര സമിതിയിടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.
നമ്മുടെ നാട്ടിൽ സമാധാനപരമായി കാര്യങ്ങൾ മുന്നോട്ട് പോകണമെന്നാണ് ഹിന്ദു ഐക്യവേദി ആഗ്രഹിക്കുന്നത്. എന്നാൽ നാട്ടുകാരെ എല്ലാം ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള പ്രതിഷേധമാണ് സമരക്കാർ നടത്തുന്നത്. അപ്പോഴാണ് കോടതി ഇതിൽ ഇടപെട്ടത്. അക്രമങ്ങളുടെ നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. തുടർന്ന് വിഴിഞ്ഞം പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
കോടതി നിർദ്ദേശപ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ വേണ്ടിയാണ് വാഹനങ്ങൾ എത്തിച്ചത്. എന്നാൽ വാഹനം അവിടെ നിർത്തിച്ച് അക്രമികൾക്ക് പേക്കൂത്ത് നടത്താൻ പോലീസ് പരിശ്രമിച്ചുവെന്നാണ് നാട്ടുകാർ ഉൾപ്പെടെ പറയുന്നത്. പാൽ വിതരണം ചെയ്യുന്ന സൊസൈറ്റിയിലും മറ്റും ഇവർ ആക്രമണം അഴിച്ചുവിടുകയാണ്. ഇതിനെല്ലാം പോലീസ് കൂട്ടുനിൽക്കുകയാണ്. പോലീസ് ആരുടെയൊക്കെയോ ചട്ടുകമായാണ് പ്രവർത്തിക്കുന്നത്.
ഈ പേക്കൂത്ത് കണ്ടിട്ട് പേടിച്ചോടുന്നവരല്ല ഈ നാട്ടുകാർ. ആളുകളെ കൊണ്ടുവന്ന് അക്രമം നടത്താൻ സാധിക്കില്ലെന്നും നാട്ടുകാർക്ക് എല്ലാ പിന്തുണയും നൽകുമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
അതേസമയം സമരക്കാർ പോലീസ് സ്റ്റേഷൻ വളഞ്ഞിരിക്കുകയാണ്. അക്രമികൾ പോലീസ് ജീപ്പ് മറിച്ചിട്ടു. സ്റ്റേഷനിലെ ഷെഡ്ഡും ഇവർ തകർത്തു. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്കും പരിക്കേറ്റു.
Comments