മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് അന്ന് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു, ഇന്നവർ കളക്ടറും എൻജിനീയറും ആകണമന്ന് ആഗ്രഹിക്കുന്നു; ഈ വനവാസി ബാലന്മാർ തനിക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി

Published by
Janam Web Desk

അഹമ്മദാബാദ് : ഗുജറാത്തിൽ നിന്നുള്ള വനവാസി കുട്ടികളെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രചാരണ റാലിയുടെ ഭാഗമായി സംസ്ഥാനത്തെത്തിയ മോദി ആവി, ജയ് എന്നീ വിദ്യാർത്ഥികളെ നേരിട്ടെത്തി സന്ദർശിക്കുകയായിരുന്നു. അവരുടെ സുഖവിവരങ്ങൾ അന്വേഷിച്ച പ്രധാനമന്ത്രി, അവരുടെ ആഗ്രഹങ്ങളും ചോദിച്ചറിഞ്ഞു. ആറ് വർഷം മുൻപ് മാതാപിതാക്കൾ നഷ്ടപ്പെട്ട ഈ കുട്ടികൾ തനിക്ക് പ്രചോദനമാവുകയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്.

കുട്ടികളെ കാണാൻ പോയത് കൊണ്ട് തന്നെ അദ്ദേഹം റാലിക്കെത്താൻ അൽപം വൈകിയിരുന്നു. തുടർന്ന് റാലിയിൽ ഈ കുട്ടികളുടെ കഥയും മോദി പറഞ്ഞു. എട്ടും, ആറും വയസ്സുള്ളപ്പോഴാണ് കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടമായത്. ആരും നോക്കാൻ ഇല്ലാതിരുന്ന അവർ പരസ്പരം ആശ്രയിച്ച് ജീവിച്ചുവരികയായിരുന്നു. അവർക്ക് താമസിക്കാൻ വീടോ മറ്റ് സൗകര്യങ്ങളോ ഇല്ലായിരുന്നു. അപ്പോഴാണ് താൻ ഇവരെപ്പറ്റി അറിയുന്നത്. അപ്പോൾ തന്നെ പാർട്ടി പ്രവർത്തകനായിരുന്ന സിആർ പട്ടേലിനെ വിളിച്ച് വിദ്യാർത്ഥികളുടെ പഠനചിലവുകൾ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അവർക്ക് വീടും നിർമ്മിച്ച് കൊടുത്തു.

ഇന്ന് ഈ വിദ്യാർത്ഥികളെ കാണുമ്പോൾ തനിക്ക് അഭിമാനം തോന്നുകയാണ്. എൻജിനിയറും കളക്ടറുമാകണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. സ്വന്തം മാതാപിതാക്കളുടെ അഭാവത്തിലും അവർക്ക ഒരു വലിയ സ്വപ്നം കാണാൻ കഴിയുന്ന ഈ കുട്ടികൾ തന്നെ പ്രചോദിപ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.

Share
Leave a Comment