പന്തളം : ശബരിമലയിൽ നട വരവിൽ വൻ വർധന. ആദ്യ പത്തു ദിവസം കൊണ്ട് ശബരിമലയിലെ നട വരവ് 52 കോടി കഴിഞ്ഞു. അരവണ വിറ്റ് വരവിൽ ആണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്. തീർത്ഥാടകരുടെ പ്രവാഹമാണ് ക്ഷേത്രത്തിൽ കാണപ്പെടുന്നത്. ഇതുവരെ ലഭിച്ച വരുമാനത്തിലും വർദ്ധനവുണ്ടായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ അറിയിച്ചു.
52.55 കോടി രൂപയാണ് ക്ഷേത്രത്തിലെ ആകെ വരുമാനം. ഏറ്റവും കൂടുതൽ വരുമാനമുണ്ടായത് അരവണയിൽ നിന്നാണ്, 23.57 കോടി രൂപ. അപ്പം ഇനത്തിൽ നിന്ന് 2.58 കോടിയും, കാണിക്കയായി 12.73 കോടിയും ലഭിച്ചു. മുറി വാടകയിനത്തിൽ 48.84 ലക്ഷം, അഭിഷേകത്തിൽ നിന്ന് 31.87 ലക്ഷവും കിട്ടിയിട്ടുണ്ട്.
കൊറോണ നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ വർഷം സന്നിധാനത്ത് തീർത്ഥാടകർ കുറവായിരുന്നു. 9.92 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം ക്ഷേത്രത്തിലെ ആകെ വരുമാനം.
ഈ വർഷത്തെ വരുമാനത്തിന്റെ ഏറിയ പങ്കും ഉത്സവ നടത്തിപ്പ് ചെലവിനായി ഉപയോഗപ്പെടുത്തുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. അപ്പം, അരവണ എന്നിവ സ്റ്റോക്കുണ്ടെന്നും ദിവസം രണ്ടര ലക്ഷം അരവണ വിറ്റുപോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments