അഹമ്മദാബാദ് : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണത്തിന്റെ ഭാഗമായി ഗുജറാത്തിലെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കല്ലെറിഞ്ഞോടിച്ച് നാട്ടുകാര്. സൂറത്തിലെ കതർഗാമിൽ നടന്ന റോഡ് ഷോയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. റോഡ് ഷോയിലൂടനീളം മോദി മോദി വിളികളാണ് ഉയർന്നത്. ഇതിനിടെ നാട്ടുകാർ തന്നെ കല്ലെറിഞ്ഞുവെന്ന് കെജ്രിവാൾ പറഞ്ഞു.
എന്നാൽ സിഎപിഎഫിനൊപ്പം (സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ്) 4 കിലോമീറ്റർ റോഡ് ഷോയിൽ കെജ്രിവാളിന് ഇസഡ് പ്ലസ് സുരക്ഷ നൽകിയിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പിനാകിൻ പർമർ പറഞ്ഞു. സമാധാനപരമായാണ് റാലി കടന്നുപോയത്. കല്ലേറോ മറ്റ് സംഭവങ്ങളോ ഒന്നും തന്നെ റോഡ് ഷോയ്‌ക്കിടെ നടന്നിട്ടില്ല. പാർട്ടി പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായെങ്കിലും പോലീസ് അതും നിയന്ത്രിച്ചുവെന്നും ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി.
27 വർഷമായി ഗുജറാത്തിൽ ബിജെപി ഒന്നും ചെയ്തിട്ടില്ലെന്ന് കെജ്രിവാൾ ആരോപിച്ചു. സംസ്ഥാനത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും വർദ്ധിച്ചിരിക്കുകയാണ്. ആളുകൾ എന്തിനാണ് തങ്ങളുടെ നേർക്ക് കല്ലെറിയുന്നത് എന്നും കെജ്രിവാൾ ചോദിച്ചു. ആം ആദ്മി മാന്യന്മാരുടെ പാർട്ടിയാണ്. ദേശസ്‌നേഹികളും സത്യസന്ധരായ ആളുകളുമാണ് പാർട്ടിയിലുള്ളത്. താൻ വിദ്യാസമ്പന്നനാണെന്നും നിങ്ങൾക്ക് വേണ്ടി സ്‌കൂളുകൾ നിർമ്മിക്കുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
182 നിയമസഭാ സീറ്റുകളിലേക്കാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി ഡിസംബർ 1 നും 5നുമാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 8ന് വോട്ടെണ്ണൽ നടക്കും.
















Comments