നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ മൊഡ്ഡേര ഗ്രാമം സന്ദർശിച്ചതിന്റെ അനുഭവ കുറിപ്പ് പങ്കുവെച്ച് ഭാരതീയ ജനതാ യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ, മെഹസാണ ജില്ലയിലെ മൊഡ്ഡേര എന്ന ഗ്രാമത്തിൽ വന്നതാണ്. ഭാരതത്തിലെ ആദ്യത്തെ സമ്പൂർണ സോളാർ ഗ്രാമം. അതായത്, ആയിരത്തോളം വീടുകളിലും വഴിവിളക്കുകൾ ഉൾപ്പടെയുള്ള പൊതു ആവശ്യങ്ങൾക്കും സൗരോർജ്ജമാണ് ഉപയോഗിക്കുന്നത്. സോളാർ വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന റീചാർജ് സ്റ്റേഷനും ഇവിടെയാണ്.
കുറെ വർഷങ്ങൾക്കു മുമ്പ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ, അദ്ദേഹം നിയമസഭയിൽ വളരെ പ്രസിദ്ധമായ ഒരു പ്രഖ്യാപനം നടത്തി. ഗുജറാത്തിനെ 24 മണിക്കൂറും വൈദ്യുതി ലഭ്യമായ സംസ്ഥാനമാക്കും എന്നായിരുന്നു പ്രഖ്യാപനം. പ്രതിപക്ഷവും മാദ്ധ്യമങ്ങളും പരിഹസിച്ചു. കാരണം ഗുജറാത്തിലെ പതിനെണ്ണായിരം ഗ്രാമങ്ങളിൽ ഒരു ദിവസം 8 മണിക്കൂർ പോലും അന്ന് വൈദ്യുതി ലഭിച്ചിരുന്നില്ല. കുടിക്കാൻ പോലും വെള്ളം ഇല്ലാതിരുന്ന ഗുജറാത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഡാമുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനും സാധിക്കില്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് മുഖ്യമന്ത്രി നരേന്ദ്രമോദി ഈ പ്രഖ്യാപനം നടത്തിയത്. ജല വൈദ്യുതിയ്ക്ക് പകരം മറ്റ് ഉപായങ്ങൾ തിരഞ്ഞ അദ്ദേഹത്തിന്റെ മുമ്പിൽ തെളിഞ്ഞ ഒരു വഴി സൗരോർജ്ജമായിരുന്നു. പിന്നീട് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഒരു വലിയ യജ്ഞം തന്നെയാണ് ഗുജറാത്തിൽ നടന്നത്.
ലക്ഷക്കണക്കിന് വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു. രാജ്യത്ത് മേൽക്കൂരയുടെ മുകളിൽ സോളാർ പാനൽ സ്ഥാപിച്ചിട്ടുള്ള വീടുകളുടെ കണക്കെടുത്താൽ അതിൽ 85 ശതമാനവും ഗുജറാത്തിലാണ്. മാത്രമല്ല, സ്ഥലം ലാഭിക്കാൻ വെള്ളം ഒഴുകുന്ന, കിലോമീറ്ററുകൾ നീളത്തിലുള്ള കനാലുകളുടെ മുകളിലും പാനലുകൾ സ്ഥാപിച്ചു. ഇന്ന്, ഈ മോഡൽ വിദേശ രാജ്യങ്ങൾക്ക് മാതൃകയാണ്. ഭാരതത്തിൽ ഏറ്റവും കൂടുതൽ സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഗുജറാത്താണ്. ഇത്രയും വ്യാപകമായ രീതിയിൽ സോളാർ വഴി വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്ന മറ്റൊരു സംസ്ഥാനവും ഭാരതത്തിലില്ല. നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡലിന്റെ ഒരു ഉദാഹരണം മാത്രമാണിത്. കേരള ചീഫ് സെക്രട്ടറിയെ ഒന്നുകൂടി ഗുജറാത്തിലേക്ക് വിടണം. മൊഡ്ഡേരയും ഗുജറാത്തിന്റെ സോളാർ മോഡലും പഠിക്കാൻ കേരള സർക്കാർ ശ്രമിച്ചാൽ നമ്മുടെ സംസ്ഥാനത്തെ വൈദ്യുതി പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരങ്ങൾ കണ്ടെത്താൻ സാധിക്കും എന്നും അനൂപ് ആന്റണി ഫെയ്സ്ബുക്കിൽ കുറിച്ചു.
Comments