റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരരിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളിൽ അമേരിക്കൻ നിർമിത തോക്കും ഉണ്ടായിരുന്നതായി പോലീസിന്റെ വെളിപ്പെടുത്തൽ. ബിജാപൂരിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് ഭീകരരിൽ നിന്നാണ് യുഎസ് നിർമിത എം1 കാർബൈൻ കണ്ടെത്തിയത്.
ആകെ നാല് ആയുധങ്ങളായിരുന്നു പോലീസ് പിടിച്ചെടുത്തത്. ഇതിലെ ഒരെണ്ണമാണ് എം1 കാർബൈൻ ആണെന്ന് കണ്ടെത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. കൈകാര്യം ചെയ്യാനും കൊണ്ടുനടക്കാനും എളുപ്പമുള്ള ആയുധമാണിതെന്നും ഛത്തീസ്ഗഡ് പോലീസ് അറിയിച്ചു.
നവംബർ 26ന് ബിജാപൂരിലെ മിർതൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പോംപ്‌റ വനമേഖലയിൽ വച്ചായിരുന്നു ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ നാല് കമ്യൂണിസ്റ്റ് ഭീകരരെ വകവരുത്താൻ സുരക്ഷാസേനയ്‌ക്ക് കഴിഞ്ഞിരുന്നു. കൊല്ലപ്പെട്ട നാല് ഭീകരരിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങളിലാണ് യുഎസ് നിർമ്മിത തോക്കുണ്ടായിരുന്നത്.
എപ്രകാരമാണ് ഇത് ഭീകരരുടെ കൈവശമെത്തിയതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. തോക്കിന്റെ സീരിയൽ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. നേരത്തെയും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഏറ്റുമുട്ടലുകളിൽ വധിക്കപ്പെടുന്ന കമ്യൂണിസ്റ്റ് ഭീകരരുടെ പക്കൽ നിന്നും ജർമ്മൻ നിർമ്മിത തോക്കുകൾ കണ്ടെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Comments