ഡബ്ലിൻ: ജോലിയെടുക്കുന്നതിനിടെ അൽപ സമയം വെറുതെയിരിക്കാൻ കിട്ടിയാൽ പാഴാക്കാത്തവരായിരിക്കും മിക്കയാളുകളും. ചെയ്തല്ലേ പറ്റൂ എന്നുള്ളതുകൊണ്ട് ജോലിയെടുക്കുന്നവരും വേതനം കുറഞ്ഞാലോയെന്ന് ഭയന്ന് ഉഡായിപ്പ് പുറത്തെടുക്കാത്തവരും നമുക്കിടിയിലുണ്ട്. എന്നാൽ മറ്റ് ചിലരാകട്ടെ സത്യസന്ധരായി ജോലിസമയം മുഴുവൻ പണിയെടുക്കുകയും ചെയ്യും. ഏൽപ്പിക്കുന്ന ജോലിയെന്താണോ അത് കൃത്യമായി ചെയ്യാൻ ശുഷ്‌കാന്തി കാണിക്കുന്നവരാണ് മറ്റൊരു കൂട്ടർ. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനായ ഒരു ജോലിക്കാരനാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
അയർലൻഡിലെ ഡബ്ലിനിലുള്ള റെയിൽവേ ജോലിക്കാരനാണ് കക്ഷി. അദ്ദേഹം സ്വന്തം ബോസിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഓഫീസിൽ തനിക്ക് ഒരു ജോലിയും നൽകുന്നില്ലെന്നാണ് യുവാവിന്റെ പരാതി. അതിനാൽ സംഭവത്തെ നിയമപരമായി തന്നെ നേരിടാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
ജോലിക്ക് വന്നാൽ മിക്ക സമയവും വെറുതെ ഇരിക്കേണ്ട അവസ്ഥയാണ്. ഏൽപ്പിക്കുന്നതാകട്ടെ വളരെ ചെറിയ പണികൾ മാത്രം. ഡെർമോർട്ട് അലാസ്റ്റയർ മിൽസ് എന്ന യുവാവാണ് അധികം കേട്ടുപരിചയമില്ലാത്ത പരാതികളുമായി മുന്നോട്ടുവന്നിരിക്കുന്നത്.
ഓഫീസിൽ അനധികൃതമായി നടക്കുന്ന പലതും ചൂണ്ടിക്കാണിക്കാൻ തുടങ്ങിയതോടെയാണ് പ്രധാന ജോലികൾ ചെയ്യുന്നതിൽ നിന്നും തന്നെ ബോസ് ഒഴിവാക്കിയതെന്ന് യുവാവ് പറയുന്നു. ഇടപാട് വിവരങ്ങൾ യഥാസമയം കൃത്യമായി രേഖപ്പെടുത്തി വെക്കാത്ത ജീവനക്കാരുടെ സമീപനത്തിനെതിരെ മിൽസ് ശബ്ദമുയർത്തിയിരുന്നു. 2014-ലായിരുന്നു ഇത് സംഭവിച്ചത്. ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ തന്നെ ജോലിയിൽ നിന്നും ഒതുക്കി നിർത്തുകയാണ് ചെയ്തതെന്ന് മിൽസ് പറഞ്ഞു.
ഐറിഷ് റെയിൽ വകുപ്പിൽ ഫിനാൻസ് മാനേജരാണ് മിൽസ്. കഴിഞ്ഞ ഒമ്പത് വർഷമായി പ്രത്യേകിച്ച് പണിയൊന്നും മിൽസിന് ഓഫീസിൽ ചെയ്യേണ്ടി വന്നിട്ടില്ല. ഡ്യൂട്ടിക്ക് വരുന്നു, പത്രങ്ങൾ വായിക്കുന്നു, സാൻഡ്‌വിച്ച് കഴിക്കുന്നു, നടക്കാൻ പോകുന്നു.. ഇത് മാത്രമാണ് ജോലി സമയത്ത് നടക്കുന്നത്.
രണ്ട് ന്യൂസ് പേപ്പറുകൾ വാങ്ങും. ഒന്ന് ടൈംസ് മറ്റൊന്ന് ദി ഇൻഡിപ്പൻഡന്റ് ഒപ്പം സാൻഡ്‌വിച്ചുമുണ്ടാകും. ഓഫീസിലെ തന്റെ ക്യാബിനിൽ ചെന്നിരിക്കും. കമ്പ്യൂട്ടർ ഓണാക്കും. ഇ-മെയിലുകൾ പരിശോധിക്കും. ജോലിയുമായി ബന്ധപ്പെട്ട മെയിലുകളോ സന്ദേശങ്ങളോ ആശയവിനിമയങ്ങളോ ഒന്നും തന്നെ ലഭിച്ചിട്ടുണ്ടാകില്ലെന്നും മിൽസ് പറയുന്നു.
ചിലപ്പോൾ ആഴ്ചയിൽ ഒരിക്കൽ വല്ല പണിയും കിട്ടും. വലിയ ആകാംക്ഷയോടെയാണ് അപ്പോൾ ജോലി ചെയ്ത് തീർക്കുക. ഒരു പണിയുമെടുക്കാതെ ഇത്തരത്തിൽ നടന്നിട്ടും തനിക്ക് പ്രതിവർഷം 1,26,000 ഡോളർ ശമ്പളം ലഭിക്കുന്നുണ്ടെന്നും പരാതിക്കാരൻ വ്യക്തമാക്കി. വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ വിചാരണയ്‌ക്ക് വിളിപ്പിച്ചപ്പോഴാണ് യുവാവിന്റെ പ്രതികരണം.
Comments