പട്ന: ശ്രദ്ധ വൽക്കർ കൊലക്കേസിന് സമാനമായ ഒരു സംഭവം കഴിഞ്ഞ ദിവസം ബിഹാറിലെ ഭഗൽപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്തു. ഭർതൃമതിയായ നീലം ദേവി എന്ന യുവതിയെയാണ് ഷക്കീൽ എന്ന അക്രമി നിർദ്ദയം വെട്ടി കൊലപ്പെടുത്തിയത്.
നീലം ദേവി വിവാഹിതയാണ് എന്ന് അറിഞ്ഞു തന്നെയാണ് ഷക്കീൽ ഇവരെ സമീപിച്ചത്. എന്നാൽ ഷക്കീലിന്റെ പ്രണയാഭ്യർത്ഥന നീലം തള്ളിക്കളഞ്ഞു. ശല്യം കൂടിയതോടെ, സംഭവം അവർ ഭർത്താവ് അശോക് യാദവിനോട് പറഞ്ഞു. അശോകും ബന്ധുക്കളും ചേർന്ന് ഷക്കീലിനെ ശകാരിക്കുകയും ശല്യം തുടർന്നാൽ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിൽ പ്രകോപിതനായായിരുന്നു പ്രതി കൃത്യം നിർവഹിച്ചത്.
ശനിയാഴ്ച വൈകുന്നേരം ചന്തയിൽ നിന്നും മടങ്ങുകയായിരുന്ന നീലം ദേവിയെ, വഴിയിൽ പതിയിരുന്ന ഷക്കീൽ ആക്രമിച്ചു. കത്തി ഉപയോഗിച്ച് ഇയാൾ ഇവരെ ഇരുപത്തിയഞ്ചോളം തവണ വെട്ടി. വെട്ടേറ്റു കിടന്ന യുവതിയുടെ ശരീര ഭാഗങ്ങൾ അറുത്ത് മാറ്റാനും പ്രതി ശ്രമിച്ചു. എന്നാൽ ആളുകൾ കൂടാൻ തുടങ്ങിയതോടെ, ഷക്കീൽ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
രക്തത്തിൽ കുളിച്ച് വഴിയിൽ കിടന്ന നീലം ദേവിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും അവർ മരിച്ചിരുന്നു. അവരുടെ വിരലുകൾ വെട്ടേറ്റ് അറ്റുപോകാറായ നിലയിലായിരുന്നു. പ്രതി ഒളിവിലാണെന്നും. ഇയാൾക്ക് വേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Comments