തിരുവനന്തപുരം: വർഷങ്ങൾക്ക് മുമ്പ് നടന്ന യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ആത്മഹത്യയാണെന്ന് ധരിച്ച മരണത്തിന്റെ ചുരുളുകളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ഒമ്പത് വർഷത്തിന് ശേഷം തെളിഞ്ഞത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
നേമം സ്വദേശിനി അശ്വതിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭർത്താവ് രതീഷാണ് കൊലയാളിയെന്ന് കണ്ടെത്തിയതോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തി അശ്വതി ജീവനൊടുക്കിയെന്നാണ് പോലീസ് ആദ്യം കണ്ടെത്തിയത്. ഭർത്താവ് രതീഷിന് പൊള്ളലേറ്റിരുന്നെങ്കിലും അശ്വതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചതാണെന്ന് കരുതി. വീടിനകത്ത് നിന്നും കത്തിക്കരിഞ്ഞ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
എന്നാൽ അശ്വതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് വീട്ടുകാർ പരാതി നൽകിയതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് രതീഷ് തീ കൊളുത്തി കൊന്നതാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് എസ്പി മധുസൂദനൻ അറിയിച്ചു.
















Comments