ദോഹ: ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യ ക്വാർട്ടറിൽ കടന്നു. പ്രീ ക്വാർട്ടറിൽ ജപ്പാനെ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യയുടെ മുന്നേറ്റം. നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനില പാലിച്ച ഇരു ടീമുകളും പെനാൽറ്റിയിൽ ഏറ്റുമുട്ടി. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1നാണ് ക്രൊയേഷ്യയുടെ വിജയം.
ക്രൊയേഷ്യയെ ഞെട്ടിച്ച് ജപ്പാനാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. നാല്പത്തി മൂന്നാം മിനിറ്റിൽ ഡയസൻ മയേദയുടെ വകയായിരുന്നു ജപ്പാന്റെ ഗോൾ. ഒന്നാം പകുതിയിൽ മുന്നിട്ട് നിന്ന ജപ്പാനെതിരെ, രണ്ടാം പകുതി ആരംഭിച്ച് പത്ത് മിനിറ്റുകൾക്കുള്ളിൽ ക്രൊയേഷ്യ സമനില ഗോൾ നേടി. ഡെജാൻ ലോവ്രന്റെ ക്രോസ് മനോഹരമായ ഒരു ഹെഡ്ഡറിലൂടെ ഇവാൻ പെരിസിച്ച് ഗോളാക്കി മാറ്റുകയായിരുന്നു.
തുടർന്ന് ഇരു ടീമുകളുടെയും കരുത്തുറ്റ പ്രതിരോധം കണ്ട മത്സരം നിശ്ചിത സമയത്തും അധിക സമയത്തും സമനിലയിൽ തുടർന്നു. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയതോടെ ജപ്പാന്റെ പരാജയവും കുറിക്കപ്പെട്ടു.
തക്കൂമി മിനാമിനോ, കവോറു മിറ്റോമോ, മയാ യൊഷീദോ എന്നിവർ ജപ്പാന്റെ കിക്കുകൾ പാഴാക്കി. എന്നാൽ സമ്മർദ്ദത്തിന് അടിപ്പെടാതെ കളിച്ച ക്രൊയേഷ്യ നാലിൽ മൂന്ന് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ ഖത്തറിൽ ഏഷ്യൻ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്‌ത്തി ലൂക്കാ മോഡ്രിച്ചും സംഘവും ക്വാർട്ടറിലേക്ക് മുന്നേറി.
Comments