ഹൈദരാബാദ്: ഗാൽവൻ താഴ്വരയിൽ ചൈനയുമായുണ്ടായ സംഘർഷത്തിൽ വീരമൃത്യുവരിച്ച ജവാന്റെ മക്കൾക്കൊപ്പം സെൽഫിയെടുത്ത് തെലുങ്ക് സൂപ്പർ താരം രാം ചരൺ. കേണൽ സന്തോഷ് ബാബുവിന്റെ മക്കൾക്കൊപ്പമാണ് താരം ഫോട്ടോയെടുത്തത്. കുട്ടികൾക്കൊപ്പം ഫോട്ടോയെടുക്കുന്ന രാം ചരണിന്റെ ഫോട്ടോയും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സിനിമാ പുരസ്കാര ചടങ്ങിലായിരുന്നു സന്തോഷ് ബാബുവിന്റെ മക്കൾക്കൊപ്പം രാംചരൺ സെൽഫി എടുത്തത്. രാം ചരണിനെ കണ്ട കുട്ടികൾ അദ്ദേഹത്തെ പരിചയപ്പെടാനായി അടുത്തേക്ക് വരികയായിരുന്നു. കുട്ടികളുടെ കയ്യിലിരുന്ന ഫോൺ വാങ്ങി രാം ചരൺ തന്നെയാണ് ചിത്രങ്ങൾ പകർത്തിയത്. ഇതിന് ശേഷം കുട്ടികളോട് അദ്ദേഹം കുശലാന്വേഷണവും നടത്തി. പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ രാം ചരണിനെ അത്ഭുതത്തോടെ നോക്കുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാം. സോനു സൂദ് ഉൾപ്പെടെ നിരവധി താരങ്ങളാണ് പരിപാടിയിൽ പങ്കെടുത്തിരുന്നത്.
പരിപാടിയിൽ രാം ചരൺ പുരസ്കാരം ഏറ്റുവാങ്ങി. ഇതിന് പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച് പിതാവും നടനുമായ ചിരഞ്ജീവയും രംഗത്ത് എത്തി. അതേസമയം രാംചരണിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്ത് വന്നത്.
Comments