തിരുവനന്തപുരം : കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മാൻദൗസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമാണ് ഇത്.
മാൻദൗസ് ചുഴലിക്കാറ്റ് ആന്ധ്രയിലെ ശ്രീഹരിക്കോട്ടയ്ക്കും പുതുച്ചേരിക്കും ഇടയിൽ തീരം തൊട്ടതോടെ തമിഴ്നാട്ടിൽ കനത്ത കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുണ്ട്. 24 മുതൽ 36 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴ ഞായറാഴ്ച വരെ തുടർന്നേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.
ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയത്.
അതേസമയം തമിഴ്നാട്ടിലെ 15 ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.
Comments