ഹൈദരാബാദ്; വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തെലങ്കാനയിൽ അൻപതോളം യുവാക്കൾ വീട് ആക്രമിച്ച് പട്ടാപ്പകൽ 24 കാരിയെ തട്ടിക്കൊണ്ടു പോയി. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ മാതാപിതാക്കളെ യുവാക്കൾ മർദ്ദിക്കുന്നതും വീട് അടിച്ചു തകർക്കുന്നതും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
രംഗറെഡ്ഡിയിലെ അഡിബത്‌ല മേഖലയിൽ വെളളിയാഴ്ചയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ബിഡിഎസ് ബിരുദം നേടിയ ശേഷം ഹൗസ് സർജനായി ജോലി ചെയ്യുന്ന യുവതിയെ ആണ് തട്ടിക്കൊണ്ടു പോയത്.
വീടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറുകൾ യുവാക്കൾ നശിപ്പിക്കുന്നതും വീട് അടിച്ചു തകർക്കുന്നതും വീഡിയോയിൽ കാണാം. യുവാക്കളെ പിന്തിരിപ്പിക്കാൻ പുറത്തിറങ്ങിയ യുവതിയുടെ പിതാവിനെ മർദ്ദിക്കുന്നതും വീഡിയോയിൽ ഉണ്ട്. ഇരുമ്പ് ദണ്ഡും വടിയും കല്ലും ഉൾപ്പെടെയുളളവയുമായി അക്രമാസക്തരായിട്ടാണ് യുവാക്കൾ എത്തിയത്.
നവീൻ റെഡ്ഡി എന്ന യുവാവ് വിവാഹ അഭ്യർത്ഥനയുമായി യുവതിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബം പറഞ്ഞു. ഇയാളുടെ അഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണമെന്നാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ. പെൺകുട്ടിയുടെ വീടിന് എതിർവശം ടീ ഷോപ്പ് നടത്തുകയാണ് നവീൻ. മൾട്ടി ലെവൽ മാർക്കറ്റിംഗ് ബിസിനസിൽ ഉൾപ്പെടെ ഇയാൾ സജീവമാണ്. ഇങ്ങനെ ലഭിച്ച പണം കൊണ്ട് ഇയാൾ യുവതിക്ക് കാർ വാങ്ങിക്കൊടുത്തതായും റിപ്പോർട്ടുകളുണ്ട്. ബാഡ്മിന്റൺ കോർട്ടിൽ വെച്ചാണ് യുവതിയെ നവീൻ പരിചയപ്പെടുന്നത്. നവീനുമായി അടുപ്പം ഉണ്ടായിരുന്നെങ്കിലും വിവാഹം കഴിക്കാൻ കഴിയില്ലെന്ന് യുവതി അറിയിച്ചിരുന്നു.
അതേസമയം മണിക്കൂറുകൾ നീണ്ട അന്വേഷണത്തിൽ യുവതിയെ കണ്ടെത്തിയതായും സംഭവത്തിൽ 18 പേരെ അറസ്റ്റ് ചെയ്തതായും രചകോണ്ട കമ്മീഷണറേറ്റ് അഡീഷണൽ കമ്മീഷണർ സുധീർ ബാബു വ്യക്തമാക്കി. മുഖ്യപ്രതി നവീൻ ഉൾപ്പെടെ ബാക്കിയുളളവർക്കായി അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. ഐപിസി സെക്ഷൻ 307 ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുളളതെന്നും ഗൗരവമായ പ്രശ്‌നമാണ് ഉണ്ടായതെന്നും പോലീസ് പറയുന്നു.
#WATCH | Ranga Reddy, Telangana | A 24-yr-old woman was kidnapped from her house in Adibatla y'day. Her parents alleged that around 100 youths barged into their house, forcibly took their daughter Vaishali away & vandalised the house. Police say, case registered & probe underway. pic.twitter.com/s1lKdJzd2B
— ANI (@ANI) December 10, 2022
Comments