എറണാകുളം: ശബരിമലയിലെ ഭക്ത ജന തിരക്കിൽ ഇടപെട്ട് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശങ്ങൾ നൽകി. തിരക്കുള്ള ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റെ എണ്ണം കുറയ്‌ക്കണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് കോടതി മുന്നോട്ടുവെച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഒരു ലക്ഷത്തിലധികം ഭക്തർ കഴിഞ്ഞ ദിവസങ്ങളിൽ ദർശനം നടത്തി. ആറ് മണിക്കൂറിലധികം ക്യൂ നിന്നതിന് ശേഷമാണ് സന്നിധാനത്തേക്ക് എത്താൻ കഴിയുന്നത്. ശബരിമലയിലെ അസൗകര്യങ്ങൾ തിരക്കിൽ അയ്യപ്പഭക്തരെ കൂടുതൽ വലയ്‌ക്കുന്നുണ്ട്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശങ്ങളുമായി കോടതി രംഗത്ത് എത്തിയത്. ശബരിമല സ്‌പെഷ്യൽ കമ്മീഷണർ, ദേവസ്വം ബോർഡ് പ്രസിഡന്റ്, ജില്ലാ പോലീസ് മേധാവി, കളക്ടർമാർ എന്നിവർക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
സുഗമമായ തീർത്ഥാടനം എല്ലാവർക്കും ഉറപ്പാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്ക് തീർത്ഥാടകർക്കായി കെഎസ്ആർടിസി ചെയിൻ സർവ്വീസ് മാത്രമാണുള്ളത്. ഇതിന്റെ എണ്ണക്കുറവ് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നതായി കോടതിയിൽ പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ പമ്പ- നിലയ്‌ക്കൽ ചെയിൻ സർവ്വീസിന് ആവശ്യമായ ബസുകൾ ഉറപ്പുവരുത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
തിരക്കിന്റെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്തുകയാണെങ്കിൽ അത് പൊതുസംവിധാനങ്ങളിലൂടെ ഭക്തരെ അറിയിക്കണം. എല്ലാവർക്കും അന്നദാനം ഉറപ്പാക്കണം. തിരക്കിന്റെ പശ്ചാത്തലത്തിൽ അഷ്ടാഭിഷേകത്തിന്റെ എണ്ണം ദിവസം 15 എന്ന രീതിയ്‌ക്ക് ചുരുക്കണം. ഇതുമായി ബന്ധപ്പെട്ട് ആലോചിച്ച് തീരുമാനമെടുക്കാനും കോടതി നിർദ്ദേശിച്ചു.
















Comments