ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരുമകൾക്ക് തടവ് ശിക്ഷ വിധിച്ച് മതപോലീസ്. ഭരണകൂടത്തെ വിമർശിക്കുകയും ബഹിഷ്‌കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്ത കുറ്റത്തിനാണ് ഫരീദ മൊറാദ്ഖാനിയെ മതപോലീസ് ശിക്ഷിച്ചത്. മൂന്ന് വർഷമാണ് ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ ശക്തയായ വിമർശകയ്‌ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. രാജ്യത്തുടനീളം നടക്കുന്ന ഹിജാബ് വിരുദ്ധ ജനകീയ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച ഫരീദയെ നവംബറിലാണ് ഇറാൻ സൈന്യം അറസ്റ്റു ചെയ്തത്. ഭരണകൂടത്തെ വിമർശിച്ച് പുറത്തിറക്കിയ വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു നടപടി.
ഇതിന് പിന്നാലെയാണ് മത പോലീസ് വിചാരണ ചെയ്തതും ശിക്ഷ വിധിച്ചതും. ഇറാനിലെ പ്രത്യേക മതകോടതിയാണ് ശിക്ഷ വിധിച്ചത്. ഇറാൻ പരമോന്നത നേതാവിന് കീഴിൽ നേരിട്ട് വരുന്ന സംവിധാനമാണിത്. നീതിന്യായ കോടതിക്ക് ഫരീദയുടെ പുതിയ കേസിൽ ഇടപെടാനാകില്ലെന്ന് ഫരീദയുടെ അഭിഭാഷകൻ വ്യക്തമാക്കി. ഫരീദക്ക് മേൽ ചുമത്തിയ കുറ്റങ്ങൾ വിശദമാക്കാൻ അഭിഭാഷകൻ തയ്യാറായില്ല.
ഫരീദയെ 2008ലും ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരെ വിമർശനമുയർത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു. 1980കളിൽ കുടുംബവുമായി പിണങ്ങി ഇറാഖിലേക്ക് പലായനം ചെയ്ത ഖമേനിയുടെ സഹോദരി ബദ്രിയുടെ മകളാണ് മൊറാദ്ഖാനി. വിമത പുരോഹിതനായ അലി തെഹ്‌റാനിയാണ് ഇവരുടെ ഭർത്താവ്. ബദ്രി ഹുസൈനി ഖൊമേനിയും തന്റെ സഹോദരന്റെ ഭരണത്തിനെതിരായി എതിർപ്പ് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഫ്രാൻസിൽ താമസിക്കുന്ന മകൻ പങ്കുവെച്ച കത്തിലാണ് അവർ തന്റെ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാൻ സൈന്യം എത്രയും വേഗം ആയുധങ്ങൾ താഴെയിട്ട് പ്രക്ഷോഭം നടത്തുന്ന ജനങ്ങളോടൊപ്പം ചേരണമെന്ന് ബദ്രി ആഹ്വാനം ചെയ്തു.
അതേസമയം ശരിയത്ത് പ്രകാരമുള്ള വസ്ത്രധാരണം പാലിക്കാത്തതിന്റെ പേരിൽ സദാചാരപോലീസ് ക്രൂരമായി കൊലപ്പെടുത്തിയ മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ വലിയ പ്രക്ഷോഭമാണ് ഇറാനിൽ നടക്കുന്നത്. തെരുവിലിറങ്ങിയ ആയിരക്കണക്കിന് ജനതയാണ് ഇപ്പോൾ തടങ്കലിലുള്ളത്.
















Comments