തിരുവനന്തപുരം: 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് നാല് മത്സര ചിത്രങ്ങൾ ഉൾപ്പെടെ 64 ചിത്രങ്ങൾ പ്രദർശിപ്പിക്കും. നാസി ഭീകരതയെ അതീജീവിച്ച വൃദ്ധന്റെ ജീവിതകഥ പറയുന്ന മൈ നെയ്‌ബർ അഡോൾഫ് ഇന്നാണ് പ്രദർശിപ്പിക്കുക. 5 മലയാള ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും. അതിൽ സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്നത് ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി ചിത്രമായ ‘നൻപകൽ നേരത്ത് മയക്കം’ ആണ്. ഡിസംബര്‍ 12,13,14 തീയതികളില്‍ ടാഗോര്‍ തിയറ്റര്‍, ഏരീസ് പ്ലസ് ഓഡി 01, അജന്ത തിയറ്റര്‍ എന്നിവിടങ്ങളിൽ സിനിമയുടെ പ്രദർശനം നടക്കുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ പ്രദർശനം ഇന്ന് നടക്കുമ്പോൾ സിനിമാ പ്രേമികളും ആരാധകരും ആക്ഷാംക്ഷയിലാണ്.
പ്രഖ്യാപനം മുതല്‍ സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന സിനിമയാണ് ‘നൻപകൽ നേരത്ത് മയക്കം’. വേഷ പകർച്ചകൾ കൊണ്ട് ഞെട്ടിക്കുന്ന മമ്മൂട്ടിയും മലയാളികള്‍ക്ക് പുതിയ സിനിമാനുഭവങ്ങൾ സമ്മാനിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു എന്നത് തന്നെ പ്രധാന കാരണം. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം എന്താണ് എന്നുള്ള ആകാംക്ഷയും മലയാളികൾക്കുണ്ട്. സിനിമയിൽ എന്ത് മാജിക്ക് ആകും ലിജോയും മമ്മൂട്ടിയും ഒരുക്കിയിട്ടുള്ളത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ.
മമ്മൂട്ടി കമ്പനി എന്ന പേരിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർണമായും തമിഴ്നാട്ടിലായിരുന്നു. മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കുന്നത്. രണ്ട് ഭാഷകളിലെയും പുതിയ താരങ്ങളായിരിക്കും അഭിനേതാക്കളായി എത്തുക. ഒപ്പം അശോകനും ഒരു വേഷത്തിലെത്തുന്നു. പേരൻപിനും പുഴുവിനും ക്യാമറ ചലിപ്പിച്ച തേനി ഈശ്വരാണ് ഛായാഗ്രഹണം.
















Comments