ന്യൂഡൽഹി: തവാംഗ് അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ചുചേർത്ത് പ്രതിരോധമന്ത്രി. ഇന്ത്യ- ചൈന സംഘർഷം ചർച്ച ചെയ്യാനാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർത്തത്.
വിദേശകാര്യമന്ത്രി എസ് ജയശങ്കർ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സൈനികമേധാവി അനിൽ ചൗഹാൻ, നാവിക സേനാ മേധാവി അഡ്മിനറൽ ആർ ഹരികുമാർ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, വ്യോമസേനാ മേധാവി എയർമാർഷൽ വിആർ ചൗധരി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഡിസംബർ ഒൻപതിന് തവാംഗ് സെക്ടറിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. തൽസ്ഥിതി വിലയിരുത്താനാണ് യോഗം. ഇതിന് ശേഷം സംഘർഷത്തെ കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പാർലമെന്റിൽ പ്രസ്താവന നടത്തും.12 മണിയ്‌ക്ക് ലോക്സഭയിലും 2 മണിയ്‌ക്ക് രാജ്യസഭയിലും പ്രസ്താവന നടത്തും.
അതേസമയം സംഭവത്തിൽ വിശദമായ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് എം പി മനീഷ് തിവാരിയാണ് ലോക്‌സഭയിൽ നോട്ടീസ് നൽകിയത്.
കഴിഞ്ഞ ദിവസം അരുണാചൽ പ്രദേശിലെ തവാംഗ് സെക്ടറിലെ യഥാർത്ഥ നിയന്ത്രണരേഖയിലാണ് ചൈന കടന്നുകയറ്റ ശ്രമം നടത്തിയത്. ആണികൾ തറച്ച മരക്കഷ്ണവും ടേസർ തോക്കുകളും ഉൾപ്പെടെ കൈയ്യിൽ കരുതിയാണ് ചൈനീസ് സൈന്യമെത്തിയത്. എന്നാൽ 17,000 അടി ഉയരത്തിലെ മേഖല കയ്യടക്കാനുള്ള നീക്കം ഇന്ത്യൻ സൈനികർ തകർക്കുകയായിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ പ്രതിരോധം കാരണം 15 ചൈനീസ് സെെനികർക്ക് പരിക്കേറ്റിരുന്നു. ഗാൽവാൻ മോഡൽ അതിർത്തി ലംഘനത്തിന് ശ്രമിച്ച മൂന്നൂറിലധികം വരുന്ന ചൈനീസ് സൈനികരെ നേരത്തെ ഇന്ത്യൻ സൈന്യം തുരത്തിയോടിച്ചിരുന്നു.
നിലവിൽ തവാംഗ് മേഖലയിൽ ചൈനയുടെ പ്രകോപനത്തെ തുടർന്ന് നിയന്ത്രണരേഖയിൽ ജാഗ്രത തുടരുകയാണ്. കിഴക്കൻ ലഡാക്ക് മേഖലയിലും നിരീക്ഷണം ശക്തമാക്കി.
Comments