ചെന്നൈ: വർഷങ്ങൾക്ക് മുമ്പ് മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങൾ കണ്ടെടുത്ത് തമിഴ്‌നാട് പോലീസ്. നഷ്ടപ്പെട്ട ക്ഷേത്രങ്ങളിൽ തന്നെ ഇവ തിരിച്ചേൽപ്പിക്കാനാണ് പോലീസ് തീരുമാനം. പത്ത് വർഷങ്ങൾക്ക് മുമ്പ് വിവിധ ക്ഷേത്രങ്ങളിൽ നിന്നായി മോഷണം പോയ കോടികൾ വിലമതിക്കുന്ന വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. ഏഴ് വിഗ്രഹങ്ങളിൽ മൂന്നെണ്ണം ഏത് ക്ഷേത്രത്തിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വൈകാതെ ഇവ തിരികെ ഏൽപ്പിക്കുമെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു.
പുരാവസ്തുക്കൾ ശേഖരിച്ച് സൂക്ഷിക്കുന്ന ശോഭ ദുരൈരാജന്റെ വീട്ടിൽ നിന്നാണ് ഏഴ് കോടിയോളം വിലമതിക്കുന്ന ഏഴ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. 2008, 2015 വർഷങ്ങളിലായി അപർണ ആർട്ട് ഗ്യാലറി നടത്തുന്ന ദീനദയാലൻ എന്നയാളിൽ നിന്നാണ് വിഗ്രഹങ്ങൾ വാങ്ങിയതെന്ന് ശോഭ പോലീസിനോട് പറഞ്ഞു.
കണ്ടെടുത്ത ഏഴ് വിഗ്രഹങ്ങൾ:
1. ആദി കേശവ പെരുമാൾ
2. ശ്രീ ദേവി
3. ഭൂദേവി
4. അസ്തിര ദേവർ
5. അമ്മൻ
6. വീര ഭദ്ര
7. മഹാദേവി
ഏഴ് വിഗ്രഹങ്ങളിൽ രണ്ടെണ്ണത്തിന് താഴെ ആദി കേശവ ക്ഷേത്രം, ഉലുന്ദൂർപേട്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഉലുന്ദൂർപേട്ടിലെ ക്ഷേത്രത്തിൽ നിന്നും 2011ൽ മൂന്ന് വിഗ്രഹങ്ങൾ മോഷണം പോയതായി അന്വേഷണൽ കണ്ടെത്തി. ആദി കേശവ പെരുമാൾ, ശ്രീ ദേവി, ഭൂദേവി എന്നീ വിഗ്രഹങ്ങളാണ് ഒരേ ക്ഷേത്രത്തിൽ നിന്നും നഷ്ടപ്പെട്ടത്. ഇവ മൂന്നിനും അന്താരാഷ്‌ട്ര വിപണിയിൽ അഞ്ച് കോടിയിലധികം രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇവ വൈകാതെ തന്നെ ആദി കേശവ ക്ഷേത്രത്തിന് കൈമാറുന്നതാണ്.
ശേഷിക്കുന്ന നാല് വിഗ്രഹങ്ങൾ 2008ന് മുമ്പ് മോഷ്ടിക്കപ്പെട്ടതാണെന്നാണ് നിഗമനം. ഇവ ഏത് ക്ഷേത്രങ്ങളിലേതാണെന്ന് കണ്ടെത്താനായിട്ടില്ല. ഈ വിഗ്രഹങ്ങൾക്ക് ഏതാണ്ട് രണ്ട് കോടിയോളം രൂപ വിലമതിക്കുമെന്നും പോലീസ് അറിയിച്ചു. മോഷ്ടിക്കപ്പെട്ടത് ഏത് ക്ഷേത്രത്തിലേതാണെന്ന് കണ്ടെത്തി ഉടൻ തിരിച്ചേൽപ്പിക്കുമെന്ന് തമിഴ്നാട് പോലീസ് വ്യക്തമാക്കി.
Comments