വാഷിംഗ്ടൺ: അരുണാചൽ പ്രദേശിലെ തവാംഗ് അതിർത്തിയിൽ ചൈനീസ് സൈന്യത്തിന്റെ കടന്നാക്രമണത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇന്ത്യയ്‌ക്ക് പിന്തുണയുമായി അമേരിക്ക. പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യയുടെ പരിശ്രമങ്ങളെ പൂർണമായും പിന്തുണയ്‌ക്കുന്നതായി പെന്റഗൺ പ്രസ് സെക്രട്ടറി പാട്രിക് റൈഡർ വ്യക്തമാക്കി. ഏറ്റുമുട്ടലിൽ നിന്ന് ഉടൻ പിൻമാറിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലുള്ള പ്രതിബന്ധതയിൽ അമേരിക്ക ഉറച്ചുനിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തിയിലെ സംഭവ വികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും റൈഡർ വ്യക്തമാക്കി. ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തിയിലെ തർക്കത്തിൽ പരിഹാരമുണ്ടാക്കുന്നതിന് ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും എല്ലാവിധ പ്രോത്സാഹനവും നൽകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു.
ഡിസംബർ 9-നാണ് അരുണാചൽ പ്രദേശിലെ കിഴക്കൻ തവാംഗ് പ്രദേശത്ത് ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ ഇരു രാജ്യങ്ങളുടെയും സൈനികർക്ക് പരിക്കേറ്റിരുന്നു. ചൈനയുടെ കടന്നുകയറ്റത്തെ ഇന്ത്യൻ സൈന്യം നിശ്ചയദാർഢ്യത്തോടെയും ധീരതയോടെയുമാണ് തുരത്തിയതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിൽ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ചൈനീസ് അതിർത്തിയിൽ നിരവധി സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. മേഖലയിൽ നിരീക്ഷണത്തിനായി കൂടുതൽ യുദ്ധവിമാനങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
















Comments