ഫാത്തിമയുടേത് രണ്ടാം വിവാഹം; ജിന്ന് കയറിയെന്ന് ഭയന്ന് പുറകെ നടന്ന് മന്ത്രങ്ങൾ ചൊല്ലിക്കൊടുത്ത് ഭർത്താവ്; മൂന്ന് തവണ ദുർമന്ത്രവാദം, എതിർത്തപ്പോൾ കെട്ടിയിട്ട് മർദ്ദനം; മരിച്ച് പോകുമെന്ന് ഭയന്നാണ് പോലീസിനെ സമീപിച്ചതെന്ന് യുവതി

Published by
Janam Web Desk

ആലപ്പുഴ : മാവേലിക്കരയിൽ യുവതിയുടെ ശരീരത്തിൽ ”ജിന്ന്” കയറിയെന്നാരോപിച്ച് ദുർമന്ത്രവാദം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്ന് തവണ ദുർമന്ത്രവാദം നടത്തിയിട്ടുണ്ടെന്നും തന്നെ അതിക്രൂരമായി മർദ്ദിച്ചുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ക്രൂരകൃത്യത്തിന് ഇരയായ ഫാത്തിമ (25) നൂറനാട് പോലീസിലാണ് പരാതി നൽകിയത്.

ഓഗസ്റ്റ് മാസം മുതൽ മൂന്ന് തവണ യുവതിയെ ദുർമന്ത്രവാദത്തിന് ഇരയാക്കിയിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന വീട്ടിൽ വെച്ചാണ് ആദ്യത്തെ തവണ ഇത് നടന്നത്. ദുർമന്ത്രവാദത്തെ എതിർത്ത യുവതിയെ അന്ന് വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് രണ്ടാമത്തെ തവണ പ്രതികളിലൊരാളുടെ വീട്ടിലെത്തിക്കുകയായിരുന്നു. അന്ന് എല്ലാവരും ചേർന്ന് യുവതിയെ ഉപദ്രവിച്ചു.

കഴിഞ്ഞ 11 നാണ് മൂന്നാമത്തെ തവണ ദുർമന്ത്രവാദം നടത്തിയത്. ആദിക്കാട്ടുകുളങ്ങരയിലെ വാടകവീട്ടിലെത്തിച്ച് ബലാൽക്കാരമായി ദുർമന്ത്രവാദ ക്രിയകൾ നടത്തുകയും എതിർത്തപ്പോൾ ക്രൂരമായി മർദിക്കുകയും ചെയ്തു. മരിച്ച് പോകുമെന്ന് ഭയന്നാണ് പോലീസിനെ സമീപിച്ചത്.

ഫാത്തിമയുടേത് രണ്ടാം വിവാഹമായിരുന്നു. കടുത്ത അന്ധവിശ്വാസിയായിരുന്ന അനീഷ് ഭാര്യയുടെ ദോഷങ്ങൾ മാറാനെന്ന് പറഞ്ഞ് പുറകെ നടന്ന് ഓതുന്നത് പതിവായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ ഫാത്തിമയുടെ ദേഹത്ത് ജിന്ന് കയറിയെന്നും അതിനെ ഒഴിപ്പിക്കണമെന്നും പറഞ്ഞു.

ആദ്യമൊക്കെ ഇതിനെ എതിർത്ത ഫാത്തിമയെ അനീഷും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദ്ദിക്കുമായിരുന്നു. ദുർമന്ത്രവാദം സമീപവാസികൾ ആരെങ്കിലും ചോദ്യംചെയ്താൽ ഫാത്തിമയ്‌ക്ക് ഭ്രാന്താണെന്നാണ് ഇവർ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നത്. ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലാണ്.

ഭർത്താവ് അടൂർ പഴകുളം ചിറയിൽ കിഴക്കതിൽ അനീഷ് (34), ബന്ധുക്കളായ ഷാഹിന (23), ഷിബു (31), മന്ത്രവാദികളായ കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദീൻ മൻസിലിൽ അൻവർ ഹുസൈൻ (28), കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദീൻ മൻസിലിൽ ഇമാമുദീൻ (35), പുനലൂർ തിങ്കൾക്കരിക്കം ചന്ദനക്കാവ് ബിലാൽ മൻസിലിൽ സുലൈമാൻ (52) എന്നിവരാണ് കേസിൽ അറസ്റ്റിലായത്.

ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്ന് ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചശേഷം പരിഹാരമായി ദുർമന്ത്രവാദം ചെയ്യുകയാണ് പ്രതികളുടെ പതിവെന്ന് നൂറനാട് സിഐ പി. ശ്രീജിത്ത് പറഞ്ഞു. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Share
Leave a Comment