ന്യൂഡൽഹി: പതിനേഴുകാരി ആസിഡ് ആക്രമണത്തിന് ഇരയായ സംഭവത്തിൽ നടപടിയുമായി ഡൽഹി വനിതാ കമ്മീഷൻ. ഇ-കൊമേഴ്‌സ് സൈറ്റുകളായ ആമസോണിനും ഫ്‌ളിപ്പ് കാർട്ടിനും കമ്മീഷൻ നോട്ടീസ് നൽകി. പ്രതികൾ ആസിഡ് വാങ്ങിയത് ഓൺലൈനായിട്ടാണെന്ന വിവരം പുറത്തുവന്നതോടെയാണ് നടപടി.
മാർക്കറ്റിൽ നിന്നും പച്ചക്കറികൾ വാങ്ങുന്ന ലാഘവത്തോടെയാണ് ആസിഡ് വാങ്ങുന്നത്. ഫ്‌ളിപ് കാർട്ട് വഴിയായിരുന്നു പ്രതികൾ ആസിഡ് വാങ്ങിയത്. ആമസോണിലും ആസിഡ് ലഭ്യമാണ്. ഇത് നിയമവിരുദ്ധമാണെന്നും ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ആമസോണിനോടും ഫ്‌ളിപ് കാർട്ടിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ അറിയിച്ചു.
ഷോപ്പിംഗ് പ്ലാറ്റ്‌ഫോമിൽ എന്തുകൊണ്ടാണ് ആസിഡ് ലഭ്യമാക്കുന്നതെന്നും നോട്ടീസിലൂടെ കമ്മീഷൻ ചോദിക്കുന്നുണ്ട്. വിതരണക്കാരന്റെ ലൈസൻസ് പരിശോധിച്ചതിന് ശേഷമാണോ അവരുടെ ആസിഡ് ഓൺലൈൻ സൈറ്റ് വഴി വിൽക്കുന്നതെന്നും കമ്മീഷൻ ആരാഞ്ഞു. ആസിഡ് വിൽക്കുന്നവരുടെ ലൈസൻസിന്റെ കോപ്പി സമർപ്പിക്കാനും ഇ-കൊമേഴ്‌സ് സൈറ്റുകളോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ചയായിരുന്നു ഡൽഹിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആസിഡ് ആക്രമണത്തിന് ഇരയായത്. ബൈക്കിലെത്തിയ സംഘമായിരുന്നു ആക്രമണത്തിന് പിന്നിൽ. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ 17-കാരി ആശുപത്രിയിൽ ചികിത്സയിലാണ്. മുഖത്തും കഴുത്തിലുമാണ് പൊള്ളലേറ്റിരിക്കുന്നത്. കേസിൽ പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
സച്ചിൻ അറോറയാണ് മുഖ്യപ്രതി. ഇയാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. മൂന്ന് മാസം മുമ്പ് പ്രണയ ബന്ധം വേർപിരിഞ്ഞു. ഇത് അംഗീകരിക്കാൻ കഴിയാതെ വന്നതോടെ സച്ചിൻ ആസിഡ് ആക്രമണത്തിന് പദ്ധതിയിട്ടു. തുടർന്ന് ഫ്ളിപ് കാർട്ട് വഴി ആസിഡ് വാങ്ങുകയും പെൺകുട്ടിയുടെ മുഖത്ത് ഒഴിക്കുകയുമായിരുന്നു.
















Comments