ജയ്പൂർ: ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് രാഹുൽ ഗാന്ധി. തന്റെ വാക്കുകൾ കുറിച്ചുവച്ചോളൂവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. ഭാരത് ജോഡോ യാത്ര നൂറാം ദിവസം പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ ജയ്പൂരിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ രാജസ്ഥാനിലാണ് ഭാരത് ജോഡോ യാത്ര എത്തിനിൽക്കുന്നത്.
കോൺഗ്രസ് പാർട്ടിയിൽ സ്വേച്ഛാധിപത്യമില്ല. പാർട്ടിയിൽ ഫാസിസവും നിലനിൽക്കുന്നില്ല. ഐക്യത്തോടെ പ്രവർത്തിച്ചാൽ പിന്നെ കോൺഗ്രസിനെ പകരം വയ്‌ക്കാനാകില്ലെന്നും സമാനതകളില്ലാത്തതായി പാർട്ടി മാറുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജസ്ഥാനിൽ കോൺഗ്രസിനിടയിൽ നിലനിൽക്കുന്ന ഭിന്നതകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പാർട്ടിക്കുള്ളിൽ യാതൊരുവിധ ആശയക്കുഴപ്പങ്ങളുമില്ല. പലപ്പോഴും സമാനമായ ചില സംഭവങ്ങൾ പാർട്ടിയിൽ ഉണ്ടായിട്ടുണ്ട്. എങ്കിലും നിലിവിൽ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്നും രാഹുൽ പറഞ്ഞു.
പാർട്ടി ശിഥിലമായെന്നും അവസാനിച്ചുവെന്നും പറയുന്നത് തെറ്റായ ആരോപണമാണ്. കോൺഗ്രസ് ഒരു പ്രത്യയശാസ്ത്രമാണ്. രാജ്യത്ത് ജീവനോടെ നിലനിൽക്കുന്ന പ്രത്യയശാസ്ത്രം. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച പാർട്ടിയാണിത്. ബിജെപിക്കെതിരെയാണ് കോൺഗ്രസ് പോരാടുന്നത്. വരും നാളുകളിൽ ബിജെപിയെ തകർക്കാൻ ഈ പാർട്ടിക്ക് കഴിയുമെന്നും തന്റെ വാക്കുകൾ കുറിച്ചിട്ടോളൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തന്നെയും കോൺഗ്രസ് പാർട്ടിയെയും അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ട്. പാർട്ടി തളർന്നുപോകുകയാണെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത്തരം അപകീർത്തി പരാമർശങ്ങൾ തന്നെ ബാധിക്കാറില്ല. കാരണം യാഥാർത്ഥ്യത്തെക്കുറിച്ച് താൻ ബോധവാനാണ്. ഫാസിസത്തിനെതിരെ ഉറച്ചുനിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും വയനാട് എംപി പറഞ്ഞു.
















Comments