ബോളിവുഡിനെ സംബന്ധിച്ചിടത്തോളം 2022 എന്നത് ഒരു മികച്ച വർഷമായിരുന്നില്ല. എന്നാൽ, ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം ലോക സിനിമാ പ്രേക്ഷകർക്ക് മുന്നിലേയ്‌ക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ നൽകാൻ 2022-ൽ സാധിച്ചു. പ്രത്യേകിച്ച് കന്നഡ, തെലുങ്ക്, തമിഴ് സിനിമകൾ ഇന്ത്യ മുഴുവൻ അലയടിച്ചു. പാൻ-ഇന്ത്യൻ സിനിമകൾ കൊണ്ട് തിളങ്ങിയ വർഷമാണ് 2022. ഇപ്പോഴിതാ, 2022 വർഷത്തെ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യൻ സിനിമകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് IMDb. തെലുങ്ക്, കന്നഡ, തമിഴ് സിനിമകൾക്കൊപ്പം ഒരു ഹിന്ദി ചിത്രം മാത്രമാണ് പട്ടികയിൽ ഇടം നേടിയത്. IMDb പറയുന്നത് പ്രകാരം, പട്ടികയിൽ ഇടം നേടിയ സിനിമകൾക്ക് അവരുടെ വെബ്‌സൈറ്റിൽ പ്രതിമാസം 200 ദശലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു.
ഏറ്റവും ജനപ്രിയമായ 10 സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം,
1. ആർആർആർ
അടുത്തിടെ ഗോൾഡൻ ഗ്ലോബ് അവാർഡ്സിൽ രണ്ട് പുരസ്കാരങ്ങൾ നേടിയ എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ആർആർആർ ആണ് IMDb പുറത്തുവിട്ട പട്ടികയിൽ ഒന്നാമത്. ബോക്സ്ഓഫീസിൽ 1000 കോടിക്കു മുകളിൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ ലോകശ്രദ്ധയും പിടിച്ചുപ്പറ്റി. രാം ചരണും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ആർആർആർ 2022-ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി.
2. കശ്മീർ ഫയൽസ്
53-ാമത് ഗോവൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ‘പ്രൊപ്പഗണ്ട’ എന്ന് ഐഎഫ്എഫ്‌ഐ ജൂറി മേധാവി നദവ് ലാപിഡ് കശ്മീർ ഫയൽസിനെ വിശേഷിപ്പിച്ചത് അടുത്തിടെ ഏറെ വിവാദമായിരുന്നു. 2022-ൽ ഏറ്റവും കൂടുതൽ ചർച്ചാ വിഷയമായ ചിത്രമാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ്. 1990 കളിൽ കശ്മീരിൽ നിന്നുള്ള ഹിന്ദുക്കളുടെ പലായനവും അവരുടെ ദുരന്ത ജീവിതത്തിന്റെ നേർ ചിത്രവും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ചിത്രം 300 കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയിരുന്നു. അനുപം ഖേർ , പല്ലവി ജോഷി, ദർശൻ കുമാർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
3. കെജിഎഫ്: അധ്യായം 2
2022-ൽ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു കെജിഎഫ് ചാപ്റ്റർ 2. ഈ വർഷത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു ചിത്രം. കന്നഡ സൂപ്പർ താരം യാഷ് പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രം പ്രശാന്ത് നീലാണ് സംവിധാനം ചെയ്തത്.
4. വിക്രം
2018-ൽ പുറത്തിറങ്ങിയ വിശ്വരൂപം 2-ന് ശേഷം റിലീസ് ചെയ്ത ഒരു കമൽഹാസൻ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം. കമൽഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും മുഴുനീള റോളിൽ ചിത്രത്തിൽ അഭിനയിച്ചു. ക്ലൈമാക്സ് രംഗത്തിലൂടെ തമിഴ് നടൻ സൂര്യയും പ്രേക്ഷകരെ ഞെട്ടിച്ചു. കമൽഹാസന് വലിയ ഒരു തിരിച്ചു വരവ് സമ്മാനിച്ച ചിത്രമായിരുന്നു വിക്രം.
5. കാന്താര
ഈ വർഷത്തെ സർപ്രൈസ് ഹിറ്റാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കന്നഡ ചിത്രം കാന്താര. വെറും 16 കോടിക്കു നിർമ്മിച്ച ചിത്രം 300 കോടിക്കു മുകളിലാണ് സ്വന്തമാക്കിയത്. ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടായിരുന്നില്ല കാന്താര റിലീസിനെത്തിയത്. എന്നാൽ പ്രേക്ഷക പ്രശംസ പിടിച്ചുപ്പറ്റിയോതോടെ തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യുകയായിരുന്നു. സംസ്‌കാരത്തിൽ അടിയുറച്ച് നിന്നുകൊണ്ട് അണിയിച്ചൊരുക്കിയ ചിത്രം ഓരോ ഭാരതീയനെയും രോമാഞ്ചം കൊള്ളിച്ചു.
6. റോക്കട്രി: നമ്പി ഇഫക്റ്റ്
ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ചിത്രമായിരുന്നു റോക്കട്രി: ദി നമ്പി ഇഫക്റ്റ്. മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്ന ഇത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്തെങ്കിലും കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം പ്രദർശിപ്പിച്ചത്.
7. മേജർ
അദിവി ശേഷ് പ്രധാന വേഷത്തിൽ അഭിനയിച്ച മേജർ, മുംബൈയിലെ 26/11 ആക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥയാണ് പറയുന്നത്. തീവ്രവാദ ആക്രമണത്തിൽ മുംബൈയിലെ താജ് ഹോട്ടലിനുള്ളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സ്വയം ജീവൻ ത്യാഗം ചെയ്ത ധീര സൈനികന്റെ ജീവിതം സിനിമയായപ്പോൾ കണ്ടിരുന്ന ഓരോ ഭാരതീയന്റെയും കണ്ണു നിറഞ്ഞു.
8. സീതാ രാമം
ദുൽഖർ സൽമാനും മൃണാൾ താക്കൂറും അഭിനയിച്ച മികച്ച ഒരു പ്രണയ ചിത്രമാണ് സീതാ രാമം. തെലുങ്കിൽ വലിയ ഹിറ്റായതോടെ വിവിധ ഭാഷകളിൽ ചിത്രം നിർമ്മാതാക്കൾ പുറത്തിറക്കുകയായിരുന്നു. പ്രണയ കഥയ്‌ക്ക് പഴയപോലെ സ്വീകാര്യത ഇല്ലെന്ന് വിമർശിക്കുന്നവർക്ക് മുന്നിൽ വലിയ വിജയം സ്വന്തമാക്കി സീതാ രാമം.
9. പൊന്നിയിൻ സെൽവൻ: ഭാഗം ഒന്ന്
വൻ താരനിരയെ അണി നിരത്തി മണി രത്‍നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. വിക്രം, ഐശ്വര്യ റായ്, കാർത്തി, തൃഷ, ജയം രവി, ജയറാം, റഹ്മാൻ തുടങ്ങി വലിയ താര നിര അണിനിരന്ന ചിത്രം കൽക്കിയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 500 കോടിക്ക് മുകളിലാണ് ചിത്രം കളക്ഷൻ സ്വന്തമാക്കിയത്.
10. 777 ചാർലി
രക്ഷിത് ഷെട്ടി, സംഗീത ശൃംഗേരി തുടങ്ങിയവർ അഭിനയിച്ച 777 ചാർലി സംവിധാനം ചെയ്തത് കിരൺരാജാണ്. ഒരു നായയും ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു ഫാക്ടറി തൊഴിലാളിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് 777 ചാർലി. വളരെ കുറച്ചു തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത ചിത്രം മികച്ച നിരൂപക പ്രശംസ പിടിച്ചുപ്പറ്റി. ഈ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കന്നഡ ചിത്രങ്ങളിൽ ഒന്നായി ഈ ചിത്രം മാറി.
Comments