പട്ന: ബിഹാറിലെ സരൺ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. സംഭവത്തിൽ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സർക്കാർ സംവിധാനങ്ങൾ സമ്പൂർണ്ണ പരാജയമാണ് എന്ന് തെളിയിക്കുന്നതാണ് ദുരന്തമെന്ന് ബിജെപി ആരോപിച്ചു.
ദുരന്തം മഹാപാപികളായ മദ്യപർ സ്വയം വരുത്തി വച്ചതാണെന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. അവിടെ വ്യാജമദ്യം കഴിച്ച് ആളുകൾ മരിച്ചെങ്കിൽ സർക്കാർ അതിൽ ഉത്തരവാദികളല്ല. അതുകൊണ്ട് തന്നെ, മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്നും നിതീഷ് കുമാർ ആവർത്തിച്ചു.
അതേസമയം മദ്യനിരോധനം വികലമായി നടപ്പിലാക്കിയതോടെ മഹാസഖ്യ സർക്കാർ ദുരന്തം വിളിച്ച് വരുത്തുകയായിരുന്നുവെന്ന് ബിജെപി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി മരിച്ചവരെ അപമാനിക്കുകയാണ്. അവരുടെ ആശ്രിതരുടെ വികാരങ്ങളെ പരിഹസിക്കുകയാണ്. മദ്യനിരോധനം നിലവിലുള്ള ഒരു സംസ്ഥാനത്ത് വ്യാജമദ്യം സുലഭമാണെങ്കിൽ, വിഷമദ്യം കഴിച്ച് ആളുകൾ മരിക്കുന്നുവെങ്കിൽ അത് സർക്കാരിന്റെ പരാജയമാണ്. മരണങ്ങളുടെ ഉത്തരവാദി സർക്കാർ മാത്രമാണ്. മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിച്ച്, ദുരിതത്തിൽ വേദനിക്കുന്ന മനുഷ്യർക്ക് ആശ്വാസം പകരണമെന്ന് ബിജെപി എം എൽ എമാർ നിയമസഭയിൽ ആവശ്യപ്പെട്ടു.
മദ്യദുരന്തത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ബിഹാർ സർക്കാരിനോട് വിശദീകരണം തേടി. മദ്യനിരോധനം പുനപരിശോധിക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടത് ശ്രദ്ധേയമായി.
















Comments